ബുര്‍ഹാന്‍പൂര്‍: ധര്‍മ്മപാതയിലൂടെ മാത്രമേ ഭാരതം ലോകഗുരുവാകൂ എന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധതയാണ് ഭാരതീയതയുടെ സൗന്ദര്യം. ഭാഷയും ആചാരവും വേഷവും കൊണ്ട് വ്യത്യസ്തരാണെങ്കിലും സംസ്‌കാരം കൊണ്ട് നമ്മളൊന്നാണ്. ആ ഏകതയുടെ പേര് ഹിന്ദു എന്നാണ്. അതുകൊണ്ടുതന്നെ എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്, അദ്ദേഹം പറഞ്ഞു. ബുര്‍ഹാന്‍പൂരിലെ മഹാജനപേഠില്‍ ചേര്‍ന്ന ധര്‍മ സംസ്‌കൃതി സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍സംഘചാലക്.
നാമെല്ലാവരും ധര്‍മ്മപാത പിന്തുടരുകയാണെങ്കില്‍, വരുന്ന ഇരുപത്- മുപ്പത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ലോകത്തിന് ഒരു പുതിയ പാത കാണിക്കുന്ന ലോക ഗുരുവായി മാറും. ധര്‍മ്മം എന്നത് മുഴുവന്‍ സൃഷ്ടിയുടെയും ക്ഷേമഭാവനയാണ്. സത്യത്തിന്റെ പാതയിലൂടെയാണ് നാം കടമ നിറവേറ്റേണ്ടത്. ഇന്ത്യ ഒരു മഹാശക്തിയാകണമെന്നതിനപ്പുറം ലോകത്തെ ധര്‍മ്മജീവിതം പഠിപ്പിക്കുന്ന വിശ്വഗുരുവാകുകയാണ് വേണ്ടത്, സര്‍സംഘചാലക് പറഞ്ഞു.
വ്യത്യസ്ത ഭാഷകളിലും സമ്പ്രദായങ്ങളിലും മതങ്ങളിലും ഉള്ള ആളുകള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. വ്യത്യസ്തരാണെങ്കിലും എല്ലാവരും ഒന്നാണ്. അതുകൊണ്ടാണ് നമ്മള്‍ ഹിന്ദുക്കളായത്. പരസ്പര ബഹുമാനത്തോടെ എല്ലാവരേയും ഒപ്പം കൂട്ടണം. സനാതനധര്‍മ്മത്തെ പിന്തുടരുന്നതിലൂടെ സമസ്തപ്രപഞ്ചത്തിനും സുഖം കൈവരും. ആചാര്യമാരുടെയും ഋഷിമാരുടെയും വാക്കുകള്‍ നമുക്ക് നന്മയുടെ പാത കാണിച്ചുതന്നിട്ടുണ്ട്. ലോകക്ഷേമത്തിന്റെ ചുമതല എല്ലാവരും ഒരുമിച്ച് വഹിക്കണം, സര്‍സംഘചാലക് പറഞ്ഞു.
മഹാരാഷ്ട്രയിലെ അമരാവതി ആസ്ഥാനമായ നാഥപീഠത്തിലെ പീഠാധിപതി സ്വാമി ജിതേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് ധര്‍മ്മ സംസ്‌കൃതി സഭ സംഘടിപ്പിച്ചത്. സ്വാമി ജിതേന്ദ്രാനന്ദ് സരസ്വതി, മഹാമണ്ഡലേശ്വര്‍ ഹരിഹരാനന്ദ് മഹാരാജ്, ഛത്രപതി ശിവാജിയുടെ പിന്‍ഗാമികളായ രാജെ മുധോജി ഭോണ്‍സ്ലെ എന്നിവരും ധര്‍മ്മ സംസ്‌കൃതി സഭയില്‍ എത്തിയിരുന്നു. സഭയ്ക്ക് മുമ്പ് സര്‍സംഘചാലകും സംന്യാസിമാരും തപ്തി തീരത്ത് സ്ഥിതി ചെയ്യുന്ന നാഥ് ക്ഷേത്രത്തില്‍ സ്വാമി ഗോവിന്ദ് നാഥ് മഹാരാജിന്റെ സ്മൃതികുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു.
Discussion about this post