ന്യൂദല്‍ഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി ഇന്നലെ രാത്രിയോടെ സുഡാനിൽ നിന്ന് 367 പൗരന്മാർ ഡൽഹിയിലെത്തിയിരുന്നു. കേന്ദ്ര സർക്കാരിന്റെ വിവേകപരമായ ഇടപെടലിനെ തുടർന്നാണ് സുഡാനിൽ നിന്ന് ഇവർ ഇന്ത്യയിലെത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ വിമനമിറങ്ങിയവരിൽ നല്ലൊരു വിഭാഗം ആളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും ഭാരതത്തിനും ഇന്ത്യൻ സേനയ്‌ക്കും മുദ്രാവാക്യം വിളിച്ചത് ഏറെ കൗതുകമുണർത്തുന്ന കാഴ്ചയായിരുന്നു.
‘ഭാരത് മാതാ കീ ജയ്, ഇന്ത്യൻ ആർമി സിന്ദാബാദ്, നരേന്ദ്രമോദി സിന്ദാബാദ്..’ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് പൗരന്മാർ പുറത്തേക്കിറങ്ങിയത്.
രക്ഷാദൗത്യത്തിന് നേതൃത്വം നൽകിയ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇന്ത്യൻ സംഘത്തെ ജിദ്ദയിൽ നിന്നും യാത്രയാക്കിയത്. പോർട്ട് സുഡാനിൽ നിന്ന് ജിദ്ദയിൽ എത്തി ഒരു ലഘു വിശ്രമത്തിന് ശേഷമാണ് പ്രത്യേക വിമാനത്തിൽ ഇവർ ഡൽഹിയിലേക്ക് യാത്ര തുടർന്നത്. ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കും വി മുരളീധരൻ നന്ദി പറഞ്ഞു.
നാവികസേനയുടെ ഐഎൻഎസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിൽ എത്തിച്ചത്. വി മുരളീധരന്റെ നേതൃത്വത്തിലുള്ള ഉന്നതതല ദൗത്യസംഘം ജിദ്ദയിൽ തുടരുകയാണ്. ഏകദേശം 3,000 ഇന്ത്യക്കാരാണ് സുഡാനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്രം ഏറ്റെടുത്തിരിക്കുന്ന ദൗത്യമാണ് ഓപ്പറേഷൻ കാവേരി. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചുകൊണ്ടാണ് കേന്ദ്രം ഇന്ത്യക്കാരെ സുഡാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് വെടിയുതിർക്കുന്നത് നിർത്തിയെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ഇടവേളയിൽ മുഴുവൻ ആളുകളെയും ഇന്ത്യയിൽ എത്തിക്കുക എന്നതാണ് ഓപ്പറേഷൻ കാവേരി കൊണ്ട് ലക്ഷ്യം വെയ്‌ക്കുന്നത്.
Discussion about this post