ന്യൂദല്‍ഹി: സുഡാനില്‍ നിന്നുള്ള രക്ഷാദൗത്യം ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിച്ചത് മൂവായിരത്തോളം പേരെ. ഇന്നലെ മാത്രം രണ്ടു വിമാനങ്ങളിലായി 559 പേരെ ഇന്ത്യയിലെത്തിച്ചു. 231 പേരടങ്ങുന്ന വിമാനം അഹമ്മദാബാദിലും 328 പേരടങ്ങുന്ന വിമാനം ദല്‍ഹിയിലും എത്തിച്ചേര്‍ന്നു.
വ്യോമസേനയുടെ സി 130 ജെ വിമാനം 135 യാത്രക്കാരടങ്ങുന്ന പതിനെട്ടാമത്തെ സംഘവുമായി പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിയതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ അറിയിച്ചു. ഏകദേശം 2300 പേരെ ഇന്ത്യയിലേക്ക് എത്തിച്ചതായി ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ഡോ.എ ജയശങ്കര്‍ അറിയിച്ചിരുന്നു.
വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ജിദ്ദയിലെത്തി ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കിയത്. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലെത്തിച്ച് അവിടെ നിന്ന് ഇന്ത്യയിലേക്ക് എത്തിക്കുകയായിരുന്നു. നാവികസേനയുടെ ഐഎന്‍എസ് സുമേധ, ഐഎന്‍എസ് ടെഗ്, ഐഎന്‍എസ് ടര്‍ക്കിഷ് എന്നീ കപ്പലുകളും വ്യോമസേനയുടെ സി 130 ജെ വിമാനങ്ങളുമാണ് ഓപ്പറേഷന്‍ കാവേരിക്കായി ഉപയോഗിച്ചത്.
Discussion about this post