മുംബൈ: ധര്‍മ്മശാലകള്‍ സമാജത്തിന് വേണ്ടി സമാജം തന്നെ നിര്‍മ്മിക്കുന്നതാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. സേവനം ചെയ്യണമെന്ന ചിന്ത സഹാനുഭൂതിയില്‍ നിന്നാണ് ഉയരേണ്ടത്. സ്ഥാപനങ്ങളുടെയോ സംഘടനയുടെയോ പ്രേരണയല്ല, മനസ്സിന്റെ സഹജഭാവമായി അത് ഉരുത്തിരിയണം. സമ്പന്നര്‍ നടത്തുന്ന ചാരിറ്റിയേക്കാള്‍ ഹൃദയഭാവനയോടെയുള്ള പെരുമാറ്റമാണ് ഉദാത്തം, അദ്ദേഹം പറഞ്ഞു. ജനകല്യാണ്‍ സമിതിയുടെ ‘അഹര്‍നിശം സേവാമഹേ’ എന്ന ഗ്രന്ഥം ദാദറിലെ സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ നാഷണല്‍ മെമ്മോറിയലില്‍ പ്രകാശനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ജോഷി.
അരനൂറ്റാണ്ട് പിന്നിടുന്ന ജന കല്യണ്‍ സമിതിയുടെ സേവനചരിത്രം പ്രതിപാദിക്കുന്ന ഗ്രന്ഥമാണ് അഹര്‍നിശം സേവാമഹേ. ധര്‍മ്മം എന്നാല്‍ ആരാധനയല്ല. അത് കര്‍ത്തവ്യത്തോടുള്ള പ്രതിബദ്ധതയാണ്, അദ്ദേഹം പറഞ്ഞു.
സമ്പന്ന കമ്പനികള്‍ അവരുടെ ലാഭത്തില്‍ നിന്ന് വളരെ കുറച്ച് പണമാണ് സംഭാവന ചെയ്യുന്നതെന്നും അതുകൊണ്ടാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നതെന്നും പരിപാടിയില്‍ മുഖ്യാതിഥിയായ മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബെയിന്‍സ് പറഞ്ഞു. സിഎസ്ആര്‍ എന്നത് ഐഎസ്ആര്‍ (വ്യക്തിഗത സാമൂഹിക ഉത്തരവാദിത്തം) ആയി മാറുമ്പോള്‍, സമൂഹത്തിലെ കൂടുതല്‍ കൂടുതല്‍ ആവശ്യമുള്ള ആളുകള്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാകുകയും മാറ്റം വരികയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്‌കാരമുള്ള പൗരന്മാരെ സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നതെന്ന് എആര്‍ജി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് ചെയര്‍മാന്‍ ആനന്ദ്ജി രതി പറഞ്ഞു.
Discussion about this post