ന്യൂദല്‍ഹി: ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ അപകീര്‍ത്തിപ്പെടുത്തിയ ന്യൂയോര്‍ക്ക് ടൈംസ് ചെയര്മാന് എ.ജി. സുള്‍സ്ബെര്‍ഗര്‍ക്ക് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ മറുപടി. ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരെ ഭീകരരായി പരിഗണിക്കുന്നുവെന്ന സുള്‍സ്ബര്‍ഗറുടെ പരാമര്‍ശം അതിരുകടന്നതാണെന്ന് അനുരാഗ് ഠാക്കൂര്‍ ട്വീറ്റ് ചെയ്തു.
തെറ്റ് ചെയ്യുന്നവരെ നിയമം അനുശാസിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്യും. നിയമത്തിന് അതിന്റെ വഴിയുണ്ട്. മാധ്യമ സ്ഥാപനമാണെന്ന പേരില്‍ ആര്‍ക്കും അതില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
മെയ് 3 ന് ലോക പത്രസ്വാതന്ത്ര്യ ദിനത്തില്‍ യുനെസ്കോയുടെ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ്, ഇന്ത്യയില്‍ ന്യൂസ് റൂമുകള്‍ റെയ്ഡ് ചെയ്യുകയും മാധ്യമപ്രവര്‍ത്തകരെ തീവ്രവാദികളായി കണക്കാക്കുകയും ചെയ്യുന്നുവെന്ന് സുല്‍സ്ബെര്‍ഗര്‍ ആരോപിച്ചത്.
ന്യൂസ് റൂമിന്റെ പദവി നിയമവിരുദ്ധമായ പ്രവൃത്തി ചെയ്യാനുള്ള അവകാശമല്ലെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ഇന്ത്യ ലോകശക്തിയായി ഉയരുന്നത് ദഹിക്കാത്ത ചില പഴയ ലോക മാധ്യമ സ്ഥാപനങ്ങള്‍ ആസൂത്രിതമായ അപവാദ പ്രചരണം നടത്തുകയാണ്. ഒരു തെളിവുമില്ലാതെ, അന്വേഷണം നടത്താതെ വായില്‍ തോന്നുന്നത് പറയുന്നത് വിവേകമാണോ? ഏത് അന്വേഷണവും മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാകുന്നത് എങ്ങനെയാണെന്ന് ഇവര്‍ വ്യക്തമാക്കണം. വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമായ ഇന്ത്യാ വിരുദ്ധ കഥകള്‍ എഴുതുന്നതിന് കുപ്രസിദ്ധമായ ന്യൂയോര്‍ക്ക് ടൈംസ് നുണ പറയാന്‍ യുനെസ്കോയുടെ വേദി ദുരുപയോഗം ചെയ്തു. പത്രം ന്യൂയോര്‍ക്ക് ടൈംസ് ആണോ ന്യൂ ഡിസ്റ്റോര്‍ട്ട് ടൈംസ് ആണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്, മന്ത്രി പറഞ്ഞു.
Discussion about this post