ഗുവാഹത്തി: ബഹുഭാര്യത്വം അവസാനിപ്പിക്കുന്നതിന് നിയമനിര്‍മ്മാണ നിര്‍മ്മാണ നടപടികള്‍ക്ക് ആസാം സര്‍ക്കാര്‍ തുടക്കം കുറിച്ചു. ഇതിനായി നാലംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ആറ് മാസത്തിനുള്ളില്‍ ബഹുഭാര്യത്വം സംസ്ഥാനത്ത് നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.
റിട്ട. ജസ്റ്റിസ് റൂമി ഫൂക്കന്‍ അധ്യക്ഷനായ സമിതിയോട് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ആസാം അഡ്വക്കേറ്റ് ജനറല്‍ ദേബജിത് സൈകിയ, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നളിന്‍ കോലി, മുതിര്‍ന്ന അഭിഭാഷകന്‍ നെകിബുര്‍ സമാന്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 60 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്. ഏകീകൃത സിവില്‍ കോഡിനായുള്ള സംസ്ഥാന നയത്തിന്റെ നിര്‍ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട് 1937 ലെ മുസ്ലീം പേഴ്‌സണല്‍ ലാ (ശരിയത്ത്) ആപ്ലിക്കേഷന്‍ ആക്ടിലെ വ്യവസ്ഥകള്‍ ഭരണഘടനയുടെ 25-ാം അനുച്ഛേദത്തോടൊപ്പം നിര്‍ദ്ദിഷ്ട പാനല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post