ന്യൂദല്‍ഹി: മ്യൂസിയങ്ങള്‍ ആഗോള സാംസ്‌കാരിക വിനിമയ മാധ്യമങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവാക്കള്‍ക്ക് കണ്ടുപോകാനുള്ള ഇടങ്ങള്‍ മാത്രമല്ല, തൊഴില്‍ അവസരങ്ങളുടെ ഹബ് കൂടിയാണ് മ്യൂസിയങ്ങളെന്നും പ്രാദേശികവും ഗ്രാമീണവുമായ മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂദല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ ഇന്റര്‍നാഷണല്‍ മ്യൂസിയം എക്സ്പോ 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധിനിവേശ ശക്തികളുടെ ആക്രമണത്തില്‍ പൗരാണികമായ പല കൈയെഴുത്തുപ്രതികളും ഗ്രന്ഥശാലകളും കത്തിക്കപ്പെട്ടു, ഇത് ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തിനും മനുഷ്യരാശിക്കും വലിയ നഷ്ടമാണ്. അമൃത് മഹോത്സവത്തില്‍ ഇന്ത്യയുടെ പൈതൃകം സംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മള്‍. സാംസ്‌കാരിക രേഖകളുടെ സംരക്ഷണത്തിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ് ലക്ഷ്യം. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്‍റെ പൈതൃകം സംരക്ഷിക്കാനുള്ള ശരിയായ ശ്രമങ്ങള്‍ നടക്കാതിരുന്നത് ജനങ്ങള്‍ക്കിടയില്‍ അവബോധമില്ലായ്മയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ സമരത്തില്‍ നമ്മുടെ വനവാസി സമൂഹത്തിന്‍റെ സംഭാവനകള്‍ അനശ്വരമാക്കാന്‍ പത്ത് പ്രത്യേക മ്യൂസിയങ്ങള്‍ നിര്‍മ്മിക്കുന്നു. ഗോത്രവര്‍ഗ വൈവിധ്യത്തിന്റെ സമഗ്രമായ കാഴ്ച ഒരുക്കുന്ന സവിശേഷ സംരംഭമായിരിക്കുമിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
47-ാമത് അന്താരാഷ്ട്ര മ്യൂസിയം ദിനം ആഘോഷിക്കുന്നതിനായി അന്താരാഷ്ട്ര മ്യൂസിയം എക്സ്പോ സംഘടിപ്പിക്കുന്നത്. ‘മ്യൂസിയങ്ങള്‍, സുസ്ഥിരത, ക്ഷേമം’ എന്നതാണ് ഈ വര്‍ഷത്തെ തീം.
ഇന്റര്‍നാഷണല്‍ മ്യൂസിയം എക്സ്പോയുടെ ചിഹ്നം, ‘എ ഡേ അറ്റ് ദി മ്യൂസിയം’ എന്ന ഗ്രാഫിക് നോവല്‍, ഇന്ത്യന്‍ മ്യൂസിയങ്ങളുടെ ഡയറക്ടറി, കര്‍ത്തവ്യപഥിന്‍റെ പോക്കറ്റ് മാപ്പ്, മ്യൂസിയം കാര്‍ഡുകള്‍ എന്നിവയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
Discussion about this post