ശ്രീനഗർ: ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗ് ഇന്ന് ജമ്മുകശ്മീരിലെ ശ്രീനഗറിൽ ആരംഭിക്കും. ദാൽ തടാകത്തിന്റെ സമീപത്തുള്ള ഷെരി കശ്മീർ ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് യോഗം നടക്കുന്നത്. പരിപാടിയോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിൽ വെച്ച് നടക്കുന്ന ആദ്യ പ്രധാനപ്പെട്ട ചടങ്ങാണിത്.
ജി20 രാജ്യങ്ങളിൽ നിന്നുള്ള 60 പ്രതിനിധികൾ ഉൾപ്പെടെ 180-ൽ അധികം പ്രതിനിധികൾ ഗ്രൂപ്പ് മീറ്റിംഗിൽ എത്തിച്ചേരും. ടൂറിസം ഗ്രൂപ്പ് മീറ്റിംഗ് സംഘടിപ്പിക്കുന്നതോടെ ജമ്മുകശ്മീരിന്റെ വിനോദ സഞ്ചാര സാദ്ധ്യതകൾ വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഡ്രോണുകൾ ഉപയോഗിച്ചും പട്രോളിംഗ് നടത്തുന്നുണ്ട്. മറൈൻ കമാൻഡോകൾ ദാൽ തടാകത്തിൽ സുരക്ഷാ പരിശീലനങ്ങൾ നടത്തിയതായി അധികൃതർ അറിയിച്ചു. സിആർപിഎഫ് സംഘവും ദാൽ തടാകത്തിൽ മോക്ക് ഡ്രില്ലുകൾ നടത്തി. വിവിധ കേന്ദ്ര സേനകൾക്കൊപ്പം ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് പ്രദേശത്ത് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
Discussion about this post