റായ്പൂര്‍: ഡാമില്‍ വീണ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കാന്‍ 21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കിക്കളഞ്ഞ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ഛത്തീസ്ഗഡിലെ കാങ്കര്‍ ജില്ലയിലാണ് പേര്‍കോട്ട് തടാകത്തിന് സമീപമാണ് സംഭവം.
ഫുഡ് ഇന്‍സ്‌പെക്ടര്‍ രാജേഷ് വിശ്വാസാണ് സസ്‌പെന്‍ഷനിലായത്. മെയ് 21ന് പഖന്‍ജോര്‍ മേഖലയില്‍ തടാകക്കരയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാന്‍ പോയ ഇയാള്‍ സെല്‍ഫിയെടുക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഡാമില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഗ്രാമവാസികളെ വിളിച്ച് മൊബൈല്‍ കിട്ടുന്നതുവരെ പമ്പ് തുറന്ന് വെള്ളം ഒഴുക്കിവിട്ടു.
സംഭവമറിഞ്ഞ് കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക ശുക്ല ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. വിഷയത്തില്‍ പഖന്‍ജോര്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കത്തുന്ന വേനലില്‍ ലക്ഷക്കണക്കിന് ലീറ്റര്‍ വെള്ളമാണ് ബന്ധപ്പെട്ട അതോറിറ്റിയുടെ അനുമതിയില്ലാതെ ഇയാള്‍ ഒഴുക്കിക്കളഞ്ഞതെന്ന് പ്രിയങ്ക ശുക്ല സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
Discussion about this post