പൂനെ: രാഷ്ട്രവിരുദ്ധ ഗൂഢാലോചനകളെ ചെറുത്തുതോല്പിക്കണമെന്ന് എബിവിപി ദേശീയ നിര്‍വാഹകസമിതിയോഗം. പൂനെ മഹര്‍ഷി കാര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന യോഗം കാമ്പസുകളെ രാഷ്ട്രാഭിമുഖമാക്കിത്തീര്‍ക്കണമെന്ന് ആഹ്വാനം ചെയ്തു. രാജ്യത്തിനെതിരായ ആഗോള ഗൂഢാലോചനയുടെ ആദ്യ വേദികളായി കാമ്പസുകള്‍ മാറുന്നത് ഗൗരവത്തോടെ കാണണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
ജൂലൈ 9 ന്, എബിവിപി 75-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. വിവിധ കാമ്പയിനുകളിലൂടെ വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടാനുള്ള പ്രവര്‍ത്തന പദ്ധതിക്ക് യോഗം രൂപം കൊടുത്തു. എബിവിപിയുടെ 75-ാം വര്‍ഷ ദേശീയ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 1-3 തീയതികളില്‍ ദല്‍ഹിയില്‍ ചേരും.
വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരത്തില്‍ സംസ്ഥാന സര്‍ക്കാരുകളും യൂണിവേഴ്‌സിറ്റി അധികൃതരും ജാഗ്രത പുലര്‍ത്തണം, അര്‍ത്ഥപൂര്‍ണ്ണമായ വിദ്യാര്‍ത്ഥി ജീവിതത്തിന്റെ കേന്ദ്രമായി കാമ്പസ് മാറണം, സ്വയംപര്യാപ്ത സമാജം കെട്ടിപ്പടുക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.
ഛത്രപതി ശിവാജിയുടെ 350-ാം കിരീടധാരണ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ കാമ്പസുകളിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ കാമ്പസ് ജീവിതം സമ്മര്‍ദരഹിതവും സര്‍ഗാത്മകവുമാക്കുന്നതിന്, ആനന്ദ്മയ് സാര്‍ത്ഥക് ഛാത്ര ജീവന്‍ അഭിയാന്‍’ എന്ന കാമ്പയിന്‍ ആരംഭിക്കും. ആഗസ്ത് 21 ന് ലോക സംരംഭകത്വ ദിനത്തോടനുബന്ധിച്ച്, രാജ്യത്തുടനീളം സംരംഭകത്വ വാരം സംഘടിപ്പിക്കും.
വിദ്യാര്‍ത്ഥിമുന്നേറ്റത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും സുവര്‍ണ അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എബിവിപിയുടെ യാത്രയെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു. വിദ്യാഭ്യാസം, സ്വയംതൊഴില്‍, സര്‍വകലാശാലകളുടെ നില മെച്ചപ്പെടുത്തല്‍, ഫീസ് സംബന്ധമായ വിഷയങ്ങള്‍ എന്നിവയ്ക്കൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ദിശയിലും വിദ്യാര്‍ത്ഥി പരിഷത്ത് പ്രത്യേക പരിപാടികള്‍ നടത്തുമെന്നും സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍, നിലവിലെ ദേശീയ സാഹചര്യം, വിദ്യാഭ്യാസത്തിലെ ഭാരതീയ കേന്ദ്രീകൃത ചിന്ത, വര്‍ത്തമാനകാല ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴ്സുകള്‍ സൃഷ്ടിക്കല്‍, ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം, സ്വാശ്രയ ഇന്ത്യ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
Discussion about this post