കുപ് വാര(ജമ്മുകശ്മീര്‍): ശ്രീശാരദാപീഠത്തില്‍ പ്രാണപ്രതിഷ്ഠ നടത്തി ശൃംഗേരി ശങ്കരാചാര്യര്‍. കുപ് വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം തിത് വാളിലെ മാ ശാരദാക്ഷേത്രത്തിലാണ് ശൃംഗേരി ശ്രീ ശാരദാപീഠം അധിപതി ശ്രീ ശ്രീ വിധുശേഖര്‍ ഭാരതി സ്വാമികള്‍ പ്രതിഷ്ഠാകര്‍മ്മം നിര്‍വഹിച്ചത്. നൂറുകണക്കിന് ഭക്തരെയും ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെയും സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ശ്രീശാരദാപീഠത്തില്‍ അഭിഷേകച്ചടങ്ങുകള്‍ നടക്കുന്നത്. ഞായറാഴ്ച ഹെലികോപ്റ്ററില്‍ തങ്ധര്‍ ഹെലിപാഡിലെത്തിയ ശൃംഗേരി ശങ്കരാചാര്യര്‍ അവിടെ നിന്നാണ് തിത്വാള്‍ ക്ഷേത്രത്തിലെത്തിയത്. കുപ്വാരയിലെ ഡെപ്യൂട്ടി കമ്മിഷണറും എസ്എസ്പിയും മറ്റ് ഉദ്യോഗസ്ഥരോടൊപ്പം ശങ്കരാചാര്യരെ സ്വീകരിച്ചു.
ശ്രീ ശൃംഗേരി മഠവും കശ്മീര്‍ സേവാ ശാരദാ സമിതിയും ചേര്‍ന്നാണ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത്. വിഭജനത്തെയും പാകിസ്ഥാന് അക്രമത്തെയും തുടര്‍ന്ന് മറയ്ക്കപ്പെട്ട ഒരു ചരിത്രം കൂടിയാണ് കശ്മീര്‍ സേവാ ശാരദാ സമിതിയുടെ നീക്കത്തിലൂടെ പുനര്‍ജനിച്ചതെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.
2023 മാര്‍ച്ച് 22നാണ് പുനര്‍ നിര്‍മിച്ച ക്ഷേത്രം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തത്. ഇത് മുഴുവന്‍ ഭാരതത്തിനും ആത്മവിശ്വാസത്തിന്റെ ദിനമാണെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. 370-ാം നീക്കം ചെയ്തതിന് ശേഷം ജമ്മു കശ്മീര്‍ അതിന്റെ പാരമ്പര്യത്തിലേക്ക് മടങ്ങുന്നതിന്റെ ശുഭസൂചനകളാണ് കാണുന്നതെന്ന് മനോജ് സിന്‍ഹ പറഞ്ഞു.
അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ളതാണ് ശ്രീശാരദാപീഠം. പാക് അധിനിവേശകശ്മീരിലൊഴുകുന്ന നീലം(കിഷന്‍ഗംഗ) നദിയുടെ തീരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാശക്തി പീഠങ്ങളില്‍ ഒന്നായാണ് ശ്രീശാരദാപീഠത്തെ കണക്കാക്കുന്നത്. 1948 വരെ ഗംഗാ അഷ്ടമി ദിനത്തില്‍ ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ശാരദാപീഠ യാത്ര നടത്താറുണ്ടായിരുന്നു. നവരാത്രി സമയത്തും ഭക്തര്‍ ക്ഷേത്രത്തില്‍ എത്താറുണ്ട്. ലോകപ്രശസ്തമായ ശാരദാ തീര്‍ത്ഥത്തിന്റെ ബേസ് ക്യാമ്പായിരുന്നു തിത്വാളിലെ ശാരദാപീഠം. കിഷന്‍ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന യഥാര്‍ത്ഥ ക്ഷേത്രവും അതിനോട് ചേര്‍ന്നുള്ള ഗുരുദ്വാരയും 1947 ല്‍ പാകിസ്ഥാന് ഭീകരര്‍ നശിപ്പിച്ചു.
ശാരദാപീഠത്തിലേക്കുള്ള പുരാതന തീര്‍ത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് തിത്വാളിലെ ശാരദാ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post