ന്യൂദല്‍ഹി: ഭഗവത് ഗീതയെ അപമാനിച്ച കോണ്‍ഗ്രസിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത്. ഗീതയെയും ഗാന്ധിജിയെയും വീരസവര്‍ക്കറെയും അപമാനിക്കുക വഴി അധിനിവേശ ശക്തികളുടെ ഏജന്റുമാരാണ് തങ്ങളെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്ന് വിഎച്ച്പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ ആരോപിച്ചു.
2021 ലെ ഗാന്ധി പീസ് പ്രൈസ് ഗീത പ്രസിന് പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം മഹത്തരമാണ്. ഭാരതീയ സാഹിത്യത്തിനും സംസ്‌കാരത്തിനുമായി സമര്‍പ്പിച്ച നൂറ് വര്‍ഷത്തെ കഠിനമായ പ്രയത്‌നത്തിനുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് അലോക് കുമാര്‍ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിലെ ആത്മീയ പൗരുഷമായിരുന്ന ഗാന്ധിജിയുടെ ആദ്യത്തെയും അവസാനത്തെയും പ്രേരണ ഭഗവത് ഗീതയായിരുന്നു. ഗീതയുടെ നിസ്വാര്‍ത്ഥമായ പ്രചാരണത്തിലൂടെ മഹത്തായ ഈ ഗാന്ധിയന്‍ ജീവിതമാണ് ഗീതാ പ്രസ് സാധാരക്കാരിലേക്ക് എത്തിച്ചത്. എന്നാല്‍ കൊളോണിയല്‍ മാനസികാവസ്ഥയില്‍ നിന്ന് ഇനിയും മോചിതരാകാത്ത കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണ്.
മഹാത്മജിയെ വധിച്ച ഗോഡ്‌സെയുമായി തുലനം ചെയ്യുക വഴി അവര്‍ ഗാന്ധിജിയെയും സവര്‍ക്കറെയും ഗീതയെയും അപമാനിച്ചുവെന്ന് അലോക് കുമാര്‍ പറഞ്ഞു. ഇത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post