തിരുവനന്തപുരം: ഭാരതത്തിന്റെ പുരാതന ദര്‍ശനവും സംസ്‌കാരവും രാഷ്ട്രീയത്തിലേക്ക് പകര്‍ത്തിയ വ്യക്തിത്വമാണ് ദീനദയാല്‍ ഉപാദ്ധ്യായയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ രചനകളുടെ സമ്പൂര്‍ണ സമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമാണ് രാഷ്ട്രീയത്തിന് ആധാരമെന്ന് നിഷ്‌കര്‍ഷിച്ച വ്യക്തിയായിരുന്നു ദീനദയാല്‍. രാഷ്ട്രീയം വ്യക്തിതാത്പര്യത്തിനുള്ളതോ വ്യക്തിനിഷ്ഠമോഅല്ലെന്ന് അദ്ദേഹം പഠിപ്പിച്ചു. രാഷ്ട്രത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുന്നത് എങ്ങനെ എന്ന് ചൂണ്ടിക്കാട്ടി. പുരാതനകാലത്ത് ഋഷിമാരും പിന്നീട് ആദിശങ്കരനും അതിനുശേഷം മഹാത്മാഗാന്ധിയും രബീന്ദ്രനാഥ് ടാഗൂറും കേരളത്തില്‍ ശ്രീനാരായണഗുരുവുമെല്ലാം പിന്തുടര്‍ന്ന ആത്മീയ പാരമ്പര്യമാണ് ദീനദയാല്‍ രാഷ്ട്രീയത്തില്‍ പിന്തുടര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.
പാവപ്പെട്ടവന്റെ ഉന്നമനവും അവസാന ആളിലേക്കും വരെ വികസനം എത്തണമെന്നുമുള്ള ദീനദയാലിന്റെ അന്ത്യോദയ ദര്‍ശനമാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ അടിസ്ഥാന പ്രമാണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.രാജ്യത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടാകണം വികസനവും ഭരണവും ഉണ്ടാകേണ്ടതെന്ന ദീനദയാലിന്റെ ആശയമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.
ഋഷിതുല്യമായ വ്യക്തിത്വമാണ് ദീനദയാലെന്ന് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ഫോര്‍ ഇന്റഗ്രല്‍ ഹ്യുമാനിസം(ആര്‍ഡിഎഫ്‌ഐഎച്ച് )ചെയര്‍മാന്‍ ഡോ. മഹേഷ് ചന്ദ്ര ശര്‍മ്മയും ഭാരതത്തിന്റെ വീര പുത്രനുള്ള സമര്‍പ്പണമാണ് സമാഹാരമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയനും പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രവും ദില്ലി ആസ്ഥാനമായുള്ള ആര്‍ഡിഎഫ്‌ഐഎച്ചും ചേര്‍ന്നാണ് സമാഹാരം പുറത്തിറക്കിയത്. 15 വാല്യങ്ങളായാണ് സമാഹാരം തയ്യാറാക്കിയിരിക്കുന്നത്. ദീനദയാല്‍ ഉപാദ്ധ്യയയുടെ ജീവിതവും രചനകളുടെ സംഗ്രഹവും ആസ്പദമാക്കിയ ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
മുതിര്‍ന്ന ബിജെപി നേതാവ് ഒ.രാജഗോപാല്‍ , ഓര്‍ഗനൈസര്‍ മാസിക മുന്‍ എഡിറ്റര്‍ ഡോ.ആര്‍. ബാലശങ്കര്‍, ആര്‍ഡിഎഫ്‌ഐഎച്ച് സെക്രട്ടറി ഡോ. ജെ. ബി. ഗുപ്ത , ഭാരതീയ വിചാര കേന്ദ്രം ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post