അഹമ്മദാബാദ്: ടീസ്റ്റ സെതല്വാദിന്റെ ജാമ്യാപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി അവരോട് എത്രയും പെട്ടന്ന് കീഴടങ്ങാന്‍ നിര്‍ദേശിച്ചു. 2002-ലെ ഗോധ്ര കലാപക്കേസുകളില്‍ നിരപരാധികളെ കുടുക്കാന്‍ തെളിവുകള്‍ കെട്ടിച്ചമച്ചെന്ന കേസിലാണ് ടീസ്റ്റയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യത്തില്‍ നേരത്തെ ജയില്‍മോചിതയായ ടീസ്റ്റയോട് ഉടന്‍ കീഴടങ്ങാന്‍ കേസ് പരിഗണിച്ച ജസ്റ്റിസ് നിര്‍സാല്‍ ദേശായി പറഞ്ഞു. ഉത്തരവ് മുപ്പത് ദിവസത്തേക്ക് സ്റ്റേ ചെയ്യണമെന്ന് സെതല്‍വാദിന്റെ അഭിഭാഷകന്‍ മുന്നോട്ടുവച്ച അപേക്ഷയും കോടതി നിരസിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 25 ന് ഗുജറാത്ത് മുന്‍ ഡിജിപി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരോടൊപ്പമാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പോലീസ് ടീസ്റ്റയെ പിടികൂടിയത്. കേസില്‍ സെതല്‍വാദിന്റെയും ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ 2022 ജൂലൈ 30 ന് അഹമ്മദാബാദ് സെഷന്‍സ് കോടതി നിരസിച്ചു. ആഗസ്ത് മൂന്നിന് ഹൈക്കോടതി സെതല്‍വാദിന്റെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയയ്ക്കുകയും വിഷയം സപ്തംബര്‍ 19ന് പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അതിനിടെയാണ് ഇടക്കാല ജാമ്യത്തിനായി അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 2 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ഗുജറാത്ത് ഹൈക്കോടതി പതിവ് ജാമ്യാപേക്ഷ തീര്‍പ്പാക്കുന്നതുവരെ പാസ്പോര്‍ട്ട് ട്രയല്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. സപ്തംബര്‍ മൂന്നിനാണ് സെതല്‍വാദ് ജയില്‍ മോചിതയായത്.
Discussion about this post