ശ്രീനഗര്‍: ലഡാക്കിലെ ശ്രീശാരദാക്ഷേത്രത്തില്‍ ജമ്മു കശ്മീര്‍ ചീഫ് ജസ്റ്റിസിന്റെ നിര്‍ണായക സന്ദര്‍ശനം. കര്‍താര്‍പൂര്‍ സാഹിബ് ഇടനാഴിയുടെ മാതൃകയില്‍ പാക്കധിനിവേശകശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ വേണമെന്ന് ബലൂചിസ്ഥാനില്‍ മുറവിളി ഉയരുന്നതിനിടെയാണ് കഴിഞ്ഞദിവസം ജമ്മുകശ്മീര്‍, ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍. കോടീശ്വര്‍ സിങ്ങും ഭാര്യ പ്രൊഫ. വിജയലക്ഷ്മിയും ക്ഷേത്രദര്‍ശനം നടത്തിയത്. ശ്രീശാരദാമന്ദിരം രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകണമെന്നും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് തീര്‍ത്ഥയാത്രികരെത്തണമെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിലെ തീത്‌വാളില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിഷന്‍ഗംഗാ നദീതീരത്ത് ശ്രീശാരദാമന്ദിരം മാര്‍ച്ച് 22ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായാണ് ഭക്തജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇതേത്തുടര്‍ന്നാണ് ബലൂചിസ്ഥാന്‍ അസംബ്ലിയില്‍ ഇന്ത്യയുമായി ചേര്‍ന്ന് ഇടനാഴി തുറക്കണമെന്ന് ആവശ്യമുയര്‍ന്നത്. ശ്രീശാരദാപീഠത്തിലേക്കുള്ള തീര്‍ത്ഥയാത്ര 1948ല്‍ പാകിസ്ഥാന്റെ ആക്രമണത്തോടെ നിലച്ചതാണ്. ആ യാത്ര പുനരാരംഭിക്കാനുള്ള വഴി തുറക്കലായാണ് ബലൂച് അസംബ്ലിയിലെ പ്രമേയത്തെ നയതന്ത്രജ്ഞര്‍ വിലയിരുത്തിയത്. തീത്‌വാളിലെ ശ്രീശാരദാമന്ദിരത്തിന്റെ പുനരുദ്ധാരണവും തീര്‍ത്ഥയാത്രയും ഇതിന്റെ തുടക്കമാണെന്ന് ക്ഷേത്രസമര്‍പ്പണവേളയില്‍ അമിത് ഷായും ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയും വ്യക്തമാക്കിയിരുന്നു.
ജമ്മുകശ്മീര്‍ ഗവര്‍ണറുടെ സന്ദര്‍ശനം ശ്രീശാരദാമന്ദിരത്തിന്റെ പ്രാധാന്യത്തിലേക്ക് നാടിന്റെ ശ്രദ്ധയാകര്‍ഷിക്കുമെന്ന് സേവ് ശാരദാമന്ദിര്‍ സമിതി ചെയര്‍മാന്‍ രവിന്ദര്‍ പണ്ഡിത് പറഞ്ഞു. സംസ്ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.കെ. ശര്‍മ്മ, കുപ് വാര ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ ഷാസിയ തബാസും, കളക്ടര്‍ ആയുഷി സുദന്‍, എസ്എസ്പി യുഗള്‍ മന്‍ഹാസ് തുടങ്ങിയവരും ചീഫ് ജസ്റ്റിസിനൊപ്പമുണ്ടായിരുന്നു. ശാരദാക്ഷേത്ര സമിതി അംഗങ്ങളായ അജാസ്ഖാന്‍, രവിന്ദര്‍ ടിക്കു, ഹൃദയാനന്ദ് പൂജാരി എന്നിവര്‍ ചേര്‍ന്ന് ജസ്റ്റിസ് കോടീശ്വര്‍ സിങ്ങിനെ സ്വീകരിച്ചു.
Discussion about this post