മുംബൈ: ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ മുംബൈയില്‍ ഷണ്മുഖാനന്ദം ഹാളില്‍ ഹരിവരാസനം ശതാബ്ദി സമ്മേളനം. ഭജനപാടിയും അയപ്പകഥകള്‍ പറഞ്ഞും കേട്ടും ആയിരങ്ങള്‍ ഒത്തുകൂടിയ സമ്മേളനത്തിന് വേദിയൊരുക്കിയത് ശബരിമല അയ്യപ്പസേവാസമാജം കൊങ്കണ്‍ മേഖലാ ഘടകമാണ്. ശബരിമല അയ്യപ്പന്‍ എന്നത് കേവലം തത്വമല്ല, അനുഭൂതിയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത അയ്യപ്പസേവാ സമാജം ദേശീയ ചെയര്‍മാന്‍ ടി.ബി. ശേഖര്‍ പറഞ്ഞു. ഭഗവാനും ഭക്തനും ഒന്നാകുന്ന അനുഭവമാണത്. ഉണര്‍വിന്റെ മന്ത്രമാണ് അയ്യപ്പമന്ത്രം. അവനവനെത്തന്നെ ശരണം പ്രാപിക്കുന്നതിനുള്ള ആത്മവിശ്വാസത്തിന്റെ വഴിയാണ് ശബരിമല തീര്‍ത്ഥാടനമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദേവഭക്തിയും ദേശഭക്തിയും സംഗമിക്കുന്ന ഇടമാണ് സന്നിധാനമെന്ന് ദേശീയ സെക്രട്ടറി മുത്തുകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സംസ്‌കാരത്തെ രക്ഷിക്കുകയാണ് തീര്‍ത്ഥാടനത്തിന്റെ ലക്ഷ്യമെന്ന് ശ്രീരാമദാസമിഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സ്വാമി കൃഷ്ണാനന്ദസരസ്വതി ചൂണ്ടിക്കാട്ടി.
എംഎല്‍എമാരായ ആശിഷ് ഷേലാര്‍, ക്യാപ്റ്റന്‍ തമിള്‍ ശെല്‍വന്‍, അയ്യപ്പസേവാസമാജം ഭാരവാഹികളായ ഈറോഡ് രാജന്‍, എന്‍. മുത്തുക്കൃഷ്ണന്‍, ദേശീയ ട്രഷറര്‍ പ്രകാശ് ജി പൈ തുടങ്ങിയവര്‍ സംസാരിച്ചു. മുംബൈ ശ്രാവണി നൃത്തസംഘത്തിന്റെ ഹരിവരാസനം നൃത്തപരിപാടി അരങ്ങേറി. ടി.എസ്. രാധാകൃഷ്ണന്‍, വീരമണി, പ്രശാന്ത് വര്‍മ്മ, ഞെരളത്ത് ഹരിഗോവിന്ദന്‍ എന്നിവരുടെ അയ്യപ്പ ഗാനാര്‍ച്ചനയും സമ്മേളനത്തിന് മിഴിവേകി.
Discussion about this post