ന്യൂദല്‍ഹി : മഴയ്ക്ക് ശമനം ആയോതോടെ യമുനാ നദിയലെ ജലനിരപ്പും കുറയുന്നു. ശനിയാഴ്ച രാവിലെ 205.33 എന്ന നിലയിലാണ് ജലനിരപ്പുള്ളത്. എന്നാല്‍ ജലനിരപ്പ് കുറഞ്ഞെങ്കിലും വെള്ളപ്പൊക്ക ഭീഷണി അയഞ്ഞിട്ടില്ല. സംസ്ഥാനത്ത് രണ്ട് ദിവസത്തേയ്ക്ക് കൂടി നേരിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
യമുനാ നദിയിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ ഇപ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കനത്ത മഴയെത്തുര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ദല്‍ഹിയിലെ വിവിധയിടങ്ങള്‍ വെള്ളത്തിനടിയിലാണ്. യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച 208.66 മീറ്റര്‍ എന്ന സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു. 1978ല്‍ രേഖപ്പെടുത്തിയ 207.49 മീറ്ററായിരുന്നു ഇതിനു മുന്‍പുള്ള ഉയര്‍ന്ന ജലനിരപ്പ്.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ട് തുറന്നുവിട്ടതും ജലനിരപ്പ് വന്‍തോതില്‍ ഉയരുന്നതിന് കാരണമായി. ചെങ്കോട്ട, കശ്മീരി ഗേറ്റ്, സുപ്രിംകോടതി, രാജ്ഘട്ട് തുടങ്ങി ദല്‍ഹിയിലെ പ്രധാനപ്പെട്ട മിക്കയിടങ്ങളിലും ജലം ഒഴുകിയെത്തി. കാല്‍ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും കോടികളുടെ നാശനഷ്ടമുണ്ടാവുകയും ചെയ്തു.
അതേസമയം ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത അഞ്ചു ദിവസം കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇത് നദിയില്‍ വീണ്ടും ജലനിരപ്പ് ഉയരാന്‍ കാരണമായേക്കും. സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. 17 ജില്ലകളിലായി 67000 പേരെ വെള്ളപ്പൊക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇവരെയെല്ലാം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങി. മഴ തുടരുന്ന സാഹചര്യത്തില്‍ ബ്രഹ്‌മപുത്ര നദയിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ ഉയരുകയാണ്.
അതിനിടെ ഹിമാചല്‍ പ്രദേശിലെ പ്രളയക്കെടുതിക്കായി കേന്ദ്ര സര്‍ക്കാര്‍ 180 കോടി അനുവദിച്ചു. സംസ്ഥാന ദുരന്ത നിവാരണ നിധിയില്‍ കേന്ദ്ര വിഹിതമായി മുന്‍കൂറായി തന്നെ അഭ്യന്തരമന്തി അമിത് ഷാ ഫണ്ട് അനുവദിക്കുകയായിരുന്നു. ജനങ്ങള്‍ക്കുള്ള അടിയന്തിര സഹായമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. കൂടാതെ സംസ്ഥാനത്തുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, വെള്ളപ്പൊക്കം, ഒറ്റപ്പെട്ട മഴ, മണ്ണിടിച്ചില്‍ എന്നിവ മൂലമുള്ള സാഹചര്യങ്ങള്‍ നേരിടുന്നതിനായി എല്ലാവിധ സാമ്പത്തിക സഹായങ്ങളും കേന്ദ്രം വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ ഹിമാചല്‍ പ്രദേശിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഈ ടീമുകള്‍ ഈ മാസം 17ന് ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Discussion about this post