ശ്രീനഗർ: ഭീകരവാദ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ മുപ്പത് മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് നടത്തി എൻഐഎ. കശ്മീർ താഴ്വരയിൽ ഭീകരവാദത്തിന് പിന്തുണ കുറയുന്ന സാഹചര്യത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഭീകരസംഘടനകൾ പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും എൻഐഎ റിപ്പോർട്ട് ചെയ്തു.
കശ്മീർ സ്വദേശികളായ രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ഷോപ്പിയാൻ സ്വദേശികളായ ഫയാസ് ബാബ എന്ന ഷോയിബ്, ഹിലാൽ യാക്കൂബ് എന്നിവരാണ് പിടിയിലായത്. പിടിയിലായ രണ്ടുപേരും ദി റെസിസ്റ്റൻസ് ഫ്രണ്ട് സംഘടനയിലുള്ളവരാണെന്നും ഇവർ പാക് ഭീകര സംഘടനകളായ അൽഖ്വായ്ദ, ലഷ്‌കർ-ഇ-ത്വായ്ബ കമാൻഡർമാരുമായി ആശയ വിനിമയം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഷോപ്പിയാൻ സെക്ടറിൽ സാധാരക്കാർക്ക് നേരെ നടന്ന ഭീകരാക്രമണമുൾപ്പടെയുള്ള കേസുകളിൽ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലാണ് ജമ്മു കശ്മീരിൽ മുപ്പത് മണിക്കൂറിലധികം നീണ്ടുനിന്ന പരിശോധന ദേശീയ അന്വേഷണ ഏജൻസി നടത്തിയത്. ഷോപ്പിയാൻ, അവന്തിപോര, പുൽവാമ എന്നീ മൂന്ന് ജില്ലകളിലെ ഏഴിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് എൻഐഎ അറിയിച്ചു.
റെയ്ഡിൽ കുറ്റകരമായ വിവരങ്ങൾ ഉൾപ്പെട്ട നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കശ്മീർ താഴ്വരയിൽ യുവാക്കളെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പുതിയ പദ്ധതികൾ ഭീകര സംഘടനകൾ തയ്യാറാക്കിയെന്നും, നിലവിൽ ഇതിന് നേതൃത്വം നൽകുന്നത് അൽഖ്വായ്ദയുടെ കശ്മീർ പതിപ്പായ ദി റെസിസ്റ്റൻസ് ഫ്രണ്ട് ആണെന്നും എൻഐഎ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
Discussion about this post