ചെന്നൈ: തമിഴ്നാട്ടിലും മിഴിതുറന്ന് ജനം ടിവി. ചെന്നൈയിലെ രാജ അണ്ണാമലൈപുരം, കുമാരരാജ മുത്തയ്യ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജനം ടിവി തമിഴിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, മുൻ മന്ത്രിയും എഡിഎംകെ നേതാവുമായ ഡി. ജയകുമാർ എന്നിവരുൾപ്പെടെ നിരവധി പേർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.
കെ. അണ്ണാമലൈയാണ് ജനം തമിഴിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം ലോഞ്ച് ചെയ്തത്. ഹിന്ദു മുന്നണി സംസ്ഥാന അദ്ധ്യക്ഷൻ കാടേശ്വര സുബ്രഹ്‌മണ്യം തമിഴ് യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചേർന്ന് ലോഗോ പ്രകാശനം നടത്തി. ദേശീയതയും, ആത്മീയതയും സത്യവും തമിഴ്നാട്ടിൽ പറയാൻ ഒരു മാദ്ധ്യമം വേണം, അത് ജനം ടിവിയിലൂടെ സാധ്യമാവുമെന്നും ഒപ്പം, കേരളത്തിലെ ജനംടിവിയെ പോലെ ജനകീയ വിഷയങ്ങൾ ഉയർത്തി കൊണ്ടുവരാൻ തമിഴ് ജനം ടിവിക്ക് കഴിയട്ടെയെന്നും അണ്ണാമലൈ ഉദ്ഘാടന വേളയിൽ കെ. അണ്ണാമലൈ പ്രതികരിച്ചു.
ദേശീയതയുടെ ശബ്ദമാകാൻ ഒരു ചാനൽ വേണമെന്ന മലയാളത്തിന്റെ ആഗ്രഹം സഫലമാക്കി 2015 ഏപ്രിൽ 19-നാണ് ജനംടിവി മലയാളത്തിൽ മിഴി തുറന്നത്. ആഗോള ഭീകരതയുടെ കളിത്തൊട്ടിലായി കേരളം മാറുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത ആദ്യ ദിനങ്ങളിൽ തന്നെ ജനംടിവി ലോകത്തിന് മുന്നിലെത്തിച്ചു.
ദേശീയതയെ സംരക്ഷിക്കാനുള്ള പേരാട്ടത്തിന്റെ ഭാഗമായി ഭീകരതയ്‌ക്കും വിഘടനവാദത്തിനുമെതിരായ പോരാട്ടം ഇന്നും ജനംടിവി തുടരുന്നു. വിഘടനവാദം തലപൊക്കുന്ന തമിഴക മണ്ണിൽ ദേശീയതയുടെ ശംഖനാദമാകുക എന്നതാണ് ജനം ടിവി തമിഴിന്റെ പ്രധാന ലക്ഷ്യം.
Discussion about this post