ന്യൂദല്‍ഹി : ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയനായിക്കൂടെയെന്ന് സുപ്രീംകോടതി. ഇടക്കാല ജാമ്യത്തിനായി ശിവശങ്കര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ഈ പരാമര്‍ശം.
അടിയന്തിര ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ശിവശങ്കറിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ശിവശങ്കറിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സ ലഭ്യമാണെന്ന് ഇഡി അറിയിച്ചു. എന്നാല്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ചികിത്സ സ്വകാര്യ ആശുപത്രിയില്‍ മാത്രമേ ഉള്ളൂവെന്നാണ് ശിവശങ്കര്‍ കോടതിയില്‍ അറിയിച്ചത്.
ഇതോടെ വിഷയത്തില്‍ കോടതി ഇടപെടുകയും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭ്യമായിട്ടും സര്‍ക്കാര്‍ ജീവനക്കാരനായിരുന്നിട്ട് കൂടി അതിന് തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ശിവശങ്കറിന്റെ ആവശ്യത്തില്‍ മറുപടി സത്യവാങ്മൂലം നല്‍കുന്നതിനായി കൂടുതല്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
ശിവശങ്കറിന്റെ ആരോഗ്യ സ്ഥിതിയും, ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണിത്. ഇതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവര്‍ ഹാജരായി.
Discussion about this post