ന്യൂദല്‍ഹി: മണിപ്പൂരില്‍ ആള്‍ക്കൂട്ടം രണ്ട് യുവതികളെ പൊതുവഴിയിലൂടെ നഗ്‌നരായി നടത്തിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും രാജ്യത്തെ നിയമം പാലിക്കാന്‍ സമൂഹമാധ്യമ കമ്പനികള്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, മണിപ്പുരില്‍ സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണ് ഉണ്ടായതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. കേസ് വെള്ളിയാഴ്ച പരിഗണിക്കും. മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരായി നടത്തുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഷയത്തില്‍ കോടതിയും സർക്കാരും ഇടപെട്ടത്. ഈ ദൃശ്യങ്ങള്‍ കോടതിയെ വല്ലാതെ അസ്വസ്ഥരാക്കിയെന്ന് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
അതിനിടെ വിഷയത്തില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. മണിപ്പുര്‍ കലാപത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ ലോക്‌സഭയിലും രാജ്യസഭയിലും നോട്ടീസ് നല്കി.
Discussion about this post