മിര്‍സാപൂര്‍(ഉത്തര്‍പ്രദേശ്): ഭഗവത്ഗീത മനുഷ്യജീവിതത്തിന്റെ സമഗ്രതയെ സ്പര്‍ശിക്കുന്നതാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മിര്‍സാപൂരിലെ സക്തേഷ്ഗഢ് പരമഹംസ് ആശ്രമത്തില്‍ ഗീതാധ്യയന സഭയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാമാജിക ഐക്യം സൃഷ്ടിക്കുന്നതിനും സമൂഹത്തില്‍ നേതൃശേഷി വളര്‍ത്തുന്നതിനുമുള്ള ഉപായങ്ങള്‍ മഹാഗ്രന്ഥങ്ങള്‍ പകരും. വെല്ലുവിളികളെ മറികടക്കുന്നതിനുള്ള വഴി ഗീത മനുഷ്യന് തുറന്നുതരും. ആത്മവിശ്വാസത്തിന്റെ പാഠപുസ്തകമാണ് അത്. അദ്ദേഹം പറഞ്ഞു. ഗീതാധ്യയനം മനുഷ്യജീവിതത്തെ എല്ലാതലങ്ങളിലും മുന്നോട്ടുനയിക്കുമെന്ന് ആശ്രമാധിപത് സ്വാമി അദ്ഗദാനന്ദ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം ഗാസിപ്പൂര്‍ ഹാത്തിയറാം മഠത്തിലെ നവഗ്രഹോദ്യാന സമര്‍പ്പണത്തിന് ശേഷമാണ് സര്‍സംഘചാലക് സക്തേഷ്ഗഢിലെത്തിയത്.
തുടര്‍ന്ന് ദേവറ ബാബയുടെ ആശ്രമത്തിലെത്തിയ അദ്ദേഹം ഇന്നലെ പുലര്‍ച്ചെ ആശ്രമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍പൂജകളിലും തുടര്‍ന്നുനടന്ന അഖണ്ഡഭാരത പ്രതിജ്ഞയിലും പങ്കെടുത്തു. ശേഷം മിര്‍സാപൂരില്‍ വിന്ധ്യാചലത്തിലെ മാ വിന്ധ്യവാസിനി ക്ഷേത്രത്തിലും അഷ്ടഭുജാംബാ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. ഇന്ന് വാരാണസിയില്‍ ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ടെംപിള്‍ കോണ്‍ഫറന്‍സിന് മുന്നോടിയായാണ് മോഹന്‍ഭാഗവത് ക്ഷേത്രങ്ങളും ആശ്രമങ്ങളും സന്ദര്‍ശിച്ചത്.
ലോകമെമ്പാടുമുള്ള പ്രധാന ക്ഷേത്രങ്ങളുടെ ഭാരവാഹികളും തന്ത്രിമാരടക്കമുള്ള ആചാര്യന്മാരും സമ്മേളനത്തില്‍ പങ്കെടുക്കും. വാരാണസി രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സര്‍സംഘചലക് സംസാരിക്കും. 24 വരെ നടക്കുന്ന സമ്മേളനത്തില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള 400 ലധികം ക്ഷേത്രങ്ങളുടെ ചുമതലക്കാര്‍ പങ്കെടുക്കും.
Discussion about this post