വാരാണസി: ക്ഷേത്രങ്ങള്‍ പാരമ്പര്യത്തിന്റെ സമാജപുരോഗതിയുടെയും അടിസ്ഥാനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമാജത്തിന് ഭക്തിയും ശക്തിയും നല്കുന്ന പ്രവര്‍ത്തനമാണ് ക്ഷേത്രങ്ങളില്‍ നടക്കേണ്ടത്. അതിന് ക്ഷേത്രത്തിന്റെ വിധിയാം വണ്ണമുള്ള നടത്തിപ്പ് ഭക്തസമൂഹം ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാരാണസി രുദ്രാക്ഷ് കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്ന ഇന്റര്‍നാഷണല്‍ ടെംപിള്‍സ് കണ്‍വെന്‍ഷന്റെയും എക്സ്പോ 2023ന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മോഹന്‍ഭാഗവത്.
രാഷ്ട്രവൈഭവത്തിനായി സമാജത്തെ സംഘടിപ്പിക്കുക എന്ന ഉത്തരവാദിത്തം ക്ഷേത്രങ്ങള്‍ക്കുണ്ട്. ക്ഷേത്രങ്ങള്‍ക്ക് ചുറ്റുമുള്ള സമാജത്തെ സംയോജിപ്പിക്കുക എന്നതാണ് ആദ്യപടി. തെരുവുകളിലെ ചെറിയക്ഷേത്രങ്ങളുടെ വരെ പട്ടിക തയാറാക്കി സംയോജനത്തിന്റെ വഴിയിലേക്ക് അവയെ നയിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ധര്‍മ്മത്തില്‍ അധിഷ്ഠിതമായ സമാജ നിര്‍മ്മിതിയാണ് ക്ഷേത്രങ്ങളുടെ ദൗത്യം. പുരുഷാര്‍ത്ഥത്തില്‍ അര്‍ത്ഥവും കാമവും ഭൗതികവാദികള്‍ അംഗീകരിക്കുന്നവയാണ്. മോക്ഷം ആത്മീയവാദികളും. ഇത് മൂന്നിനെയും ധര്‍മ്മത്തിന്റെ ആധാരത്തില്‍ കോര്‍ത്തിണിക്കുന്നതാണ് സമാജമെന്ന നിലയില്‍ പുരോഗമിക്കുന്നതിനുള്ള വഴിയെന്ന് സര്‍സംഘചാലക് പറഞ്ഞു.
സമൂഹത്തെ മുഴുവന്‍ ഒരു ലക്ഷ്യത്തോടെ നയിക്കാന്‍ ക്ഷേത്രങ്ങള്‍ ആവശ്യമാണ്. ചരിത്രത്തില്‍ നമ്മള്‍ വീണുപോയ സന്ദര്‍ഭങ്ങളുണ്ട്, നമ്മളെ മറ്റ് ചിലര്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ മൂല്യങ്ങള്‍ ഒരിക്കലും വീണില്ല. ധര്‍മ്മത്തിന്റെ ആധാരത്തില്‍ നമ്മള്‍ എപ്പോഴും പുരോഗതിയിലേക്ക് കുതിച്ചു.
സത്യം-ശിവം-സുന്ദരം എന്ന മഹാതത്വത്തിന്റെ സന്ദേശമാണ് ക്ഷേത്രങ്ങള്‍ നല്കുന്നത്. ചില ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ അധീനതയിലാണ്. ചിലത് സമാജത്തിന്റെയും. കാശി വിശ്വനാഥക്ഷേത്രത്തിന്റെ രൂപവും ഭാവവും മാറി, ഇത് ഭക്തിയുടെ ശക്തിയാണ്. ക്ഷേത്രങ്ങളില്‍ മാറ്റം കൊണ്ടുവരാന്‍ കഴിയുന്നത് ഭക്തര്‍ക്കാണ്. അവര്‍ക്ക് ക്ഷേത്രത്തിന് മേല്‍ വിശ്വാസമുണ്ട്, വികാരങ്ങളുണ്ട്, ആശങ്കകളുണ്ട്. അതുകൊണ്ട് ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഭക്തരിലേക്ക് എത്തണം. ഇത് കാലഘട്ടത്തിന്റെ ആവശ്യമാണ്, സര്‍സംഘചാലക് പറഞ്ഞു.
‘ക്ഷേത്രങ്ങള്‍ ശുദ്ധിയുടെ കേന്ദ്രമാകണം. ചിത്തശുദ്ധി മാത്രമല്ല ശുചിത്വവും ശ്രദ്ധിക്കണം. എല്ലാ ക്ഷേത്രങ്ങളും ശുദ്ധമായ അന്തരീക്ഷം സൃഷ്ടിക്കണം. അവനവന് മാത്രം ശാന്തി എന്നത് നമ്മുടെ ലക്ഷ്യമല്ല. ചുറ്റുപാടും ശാന്തിയുണ്ടാകണം. സമാജത്തിന്റെയാകെ സമാധാനത്തിനും സങ്കടമോചനത്തിനും ക്ഷേത്രങ്ങള്‍ വഴിയൊരുക്കണം.
ധര്‍മ്മചക്രം പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് സൃഷ്ടി നടക്കുന്നത്. ശരീരവും മനസ്സും ബുദ്ധിയും ശുദ്ധീകരിച്ചാണ് ആരാധന നടത്തുന്നത്. ആരാധന എന്നത് സമ്പൂര്‍ണ സമര്‍പ്പണമാണ്. മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബലി കാലത്തിന്റെ ക്രമത്തിന് അനുസരിച്ച് മാറിയതാണ്. പകരം നാളീകേരം ഉടയ്ക്കുന്നതുപോലുള്ള ചടങ്ങുകള്‍ വരുന്നു. ചില ആചാരങ്ങള്‍ക്ക് പിന്നില്‍ ആദ്ധ്യാത്മികമായ ശാസ്ത്രം ഉണ്ട്. അത് അറിഞ്ഞ് ആചരിക്കണം. ശിവക്ഷേത്രത്തില്‍ പ്രസാദമായി ലഭിക്കുന്ന ഭസ്മം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും അടയാളമാണ്. വിഷ്ണു ക്ഷേത്രത്തില്‍ ലഭിക്കുന്ന സര്‍വസുഗന്ധിയായ ചന്ദനം നിരുപാധിക സ്‌നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും അടയാളവും.
ക്ഷേത്രങ്ങളില്‍ ജനങ്ങളുടെ ദുഃഖങ്ങള്‍ അകറ്റാന്‍ സംവിധാനമുണ്ടാകണം. ഭാവിയെ നേര്‍വഴിക്ക് നടത്താനുള്ള വിദ്യാഭ്യാസത്തിന് സജ്ജീകരണം വേണം. സമൂഹത്തിനാകെ കരുതല്‍ നല്കാന്‍ കഴിയണം. കലയും കരകൗശലവും അവിടെ ഒത്തുചേരണം. സംസ്‌കാരത്തിന്റെ വിനിമയമാണ് ക്ഷേത്രത്തിലെ ഒത്തുചേരലുകളിലൂടെ സംഭവിക്കേണ്ടത്. സര്‍സംഘചാലക് പറഞ്ഞു.
Discussion about this post