ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭയില്‍ പൊതുപ്രതിരോധം കൈകാര്യം ചെയ്യുന്ന മന്ത്രി തന്നെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളെക്കുറിച്ച് ആഞ്ഞടിച്ചതോടെ കോണ്‍ഗ്രസ് ദേശീയതലത്തില്‍തന്നെ പ്രതിരോധത്തിലായി. സമാധാനത്തിലേക്ക് മടങ്ങുകയായിരുന്ന മണിപ്പൂരില്‍ വീണ്ടും കലാപം അഴിച്ചുവിടുക എന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ പഴയ സംഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് രാജസ്ഥാനിലെ തിരിച്ചടി. ആദ്യം രാജസ്ഥാന്‍ നന്നാക്കിയിട്ട് മണിപ്പൂരിലേക്ക് നോക്കിയാല്‍ മതിയെന്ന മന്ത്രി രാജേന്ദ്രസിങ് ഗൂഢായുടെ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ വലിയ കോളിളക്കമാണുണ്ടാക്കിയത്. നിയമസഭ പിരിഞ്ഞ ഉടന്‍ തന്നെ മന്ത്രി ഗൂഢയെ പുറത്താക്കി മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നടപടി സ്വീകരിച്ചെങ്കിലും ജീവനുള്ള കാലം വരെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധതയില്‍ പ്രതികരിക്കുമെന്നാണ് മുന്‍മന്ത്രിയുടെ വാദം.
അതേസമയം രാജസ്ഥാനിലെ പ്രതിപക്ഷനേതാവ് രാജേന്ദ്ര റാത്തോഡുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഗൂഢാ സര്‍ക്കാരിനെ തിരിഞ്ഞതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റ ഇത്തരം കൈകഴുകല്‍ നാടകങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് റാത്തോഡ് സിക്കാറില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസ് സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെപ്പറ്റി രാജേന്ദ്രസിങ് ഗൂഢ പറഞ്ഞതൊന്നും അദ്ദേഹത്തിന്റെ കണ്ടെത്തലുകളല്ല. സാധാരണക്കാരന്‍ പറയുന്ന കാര്യം തന്നെയാണ് അദ്ദേഹം നിയമസഭയില്‍ പറഞ്ഞത്. അതിന് ബിജെപിയുമായി കൂട്ടിക്കെട്ടണ്ട. ഉദയപൂര്‍വാടിയില്‍ ഗൂഢ മത്സരിച്ച് ജയിച്ചപ്പോള്‍ ഗെഹ്‌ലോട്ട് പറഞ്ഞത്, അദ്ദേഹം തന്റെ മനസ്സാക്ഷിയാണെന്നാണ്. പിന്നിപ്പോഴെങ്ങനെയാണ് ബിജെപിക്കാരനാവുന്നതെന്ന് രാജേന്ദ്ര റാത്തോഡ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. 27ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിക്കാര്‍ സന്ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് റാത്തോഡ് പ്രദേശത്തെത്തിയത്.
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളിലേക്ക് ബിജെപിയെ വലിച്ചിടണ്ട. സച്ചിന്‍ പൈലറ്റിനൊപ്പം ജന്‍ സംഘര്‍ഷ് യാത്രയില്‍ പങ്കെടുത്തതുമുതലാണ് ഗൂഢ മുഖ്യമന്ത്രിയുടെ കണ്ണിലെ കരടായത്. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണ്. ഇക്കാര്യത്തിലാണ് മറുപടി വേണ്ടത്. എന്തിനാണ് ഗൂഢയെ പുറത്താക്കിയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും റാത്തോഡ് പറഞ്ഞു.
Discussion about this post