വാരണാസി: ഭാരതത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും ഉത്ഥാന കാലമാണിതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. തുടര്‍ച്ചയായ അധിനിവേശം മൂലം നമ്മുടെ രാഷ്ട്രജീവിതത്തിന് ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്, എന്നാലിന്ന് ആ പ്രയാസങ്ങളെ മറികടന്ന് ഭാരതം വിജയിക്കുകയാണ്, അദ്ദേഹം പറഞ്ഞു. ഗംഗാതീരത്ത് ചേത് സിങ് കോട്ടയില്‍ നടക്കുന്ന ചാതുര്‍മാസ പരിപാടികളുടെ ഭാഗമായുള്ള അഗ്നിഹോത്ര സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
അധിനിവേശത്തിന്റെ ഏറ്റവും ക്രൂരമായ അക്രമണങ്ങള്‍ നേരിട്ട കാലത്തും അഗ്നിഹോത്ര പാരമ്പര്യം പിന്തുടരുന്നവര്‍ ഭാരതത്തിന്റെ പവിത്ര വേദങ്ങളെ കാത്തുസൂക്ഷിച്ചു. അതേ പ്രവര്‍ത്തനത്തില്‍ അഗ്‌നിഹോത്രികള്‍ തുടര്‍ച്ചയായി മുഴുകി. അതില്‍ത്തന്നെ ഉറച്ച് ശ്രദ്ധയൂന്നി ഇനിയും മുന്നോട്ടുപോകണം. ലോകത്തിനാകെ ധര്‍മ്മത്തിന്റെ വിജ്ഞാനം പകരുക എന്നത് ഭാരതത്തിന്റെ ദൗത്യമാണ്. സത്യമാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. ലോകമിന്ന് ധര്‍മ്മത്തിന്റെ അറിവ് തേടുകയാണ്. നമ്മുടെ പക്കല്‍ അറിവുണ്ട്. അത് പക്ഷേ പൂര്‍ണമല്ല. അതിനായി ഇനിയും പരിശ്രമിച്ചുകൊണ്ടിരിക്കണം, സര്‍സംഘചാലക് പറഞ്ഞു.
ദിവ്യഭാരതം കെട്ടിപ്പടുക്കുന്ന പ്രവര്‍ത്തനത്തില്‍ സമാജം ഏര്‍പ്പെടണമെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ സ്വാമി ശങ്കര വിജയേന്ദ്ര സരസ്വതി പറഞ്ഞു. ”നമ്മള്‍ ഒരു ‘ഡിജിറ്റല്‍ ഇന്ത്യയുടെ’ വളര്‍ച്ചയാണ് കാണുന്നത്, ഇനി, ‘ദിവ്യ ഭാരതം’ കെട്ടിപ്പടുക്കണം. ധര്‍മ്മ സംരക്ഷണത്തിനും പ്രചരണത്തിനും വേണ്ടി ദാനധര്‍മ്മങ്ങള്‍ ഉണ്ടാകണം. ക്ഷേത്രങ്ങളെ സംരക്ഷിക്കുകയും അവയിലൂടെ ധര്‍മ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post