ന്യൂഡല്‍ഹി; നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും വീണയുടെ കമ്പനിയും മാസപ്പടിയായി വാങ്ങിയത് 1.72 കോടി രൂപ. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍നിന്നാണ് മൂന്നു വര്‍ഷമായി മാസപ്പടി ലഭിച്ചിരുന്നത്. ഈ പണം നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പു കല്‍പിച്ചു.
2019 ജനുവരി 25ന് സിഎംആര്‍എലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ചില പ്രമുഖ രാഷ്‌ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും മാദ്ധ്യമസ്ഥാപനങ്ങള്‍ക്കും നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നല്‍കിയതിന്റെ തെളിവുകള്‍ സിഎംആര്‍എല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ് കുമാറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു ലഭിച്ചത്. സിഎംആര്‍എലുമായി വീണയും എക്‌സാലോജിക്കും ഉണ്ടാക്കിയ കരാറുകളുടെ രേഖയും ഈ പരിശോധനയില്‍ ലഭിച്ചു.
2013-14 മുതല്‍ 2019-20 വരെയുള്ള നികുതിയടവു രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കമ്പനിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി വന്‍തോതില്‍ നികുതി വെട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സിഎംആര്‍എലും ശശിധരന്‍ കര്‍ത്തായും 2020 നവംബറില്‍ നല്‍കിയ സെറ്റില്‍മെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂണ്‍ 12നു ബോര്‍ഡ് ഉത്തരവിട്ടത്.
വീണയും വീണയുടെ സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിംഗ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്വെയര്‍സേവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍, കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്താ ആദായനികുതി വകുപ്പിനു മൊഴി നല്‍കി.
2017-20 കാലയളവില്‍ മൊത്തം 1.72 കോടി രൂപയാണ് വീണയ്‌ക്കും എക്‌സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങള്‍ക്കാണ് പണം നല്‍കിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ആദായനികുതി വകുപ്പിനു കഴിഞ്ഞെന്ന് സെറ്റില്‍മെന്റ് ബോര്‍ഡ് ബെഞ്ച് വ്യക്തമാക്കി.വീണയ്‌ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.
വീണയില്‍നിന്ന് ഐടി, മാര്‍ക്കറ്റിംഗ് കണ്‍സല്‍റ്റന്‍സി സേവനങ്ങള്‍ ലഭിക്കാന്‍ 2016 ഡിസംബറിലും സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ക്കായി എക്‌സാലോജിക്കുമായി 2017 മാര്‍ച്ചിലും സിഎംആര്‍എല്‍ കരാറുണ്ടാക്കി. കരാര്‍പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി തങ്ങള്‍ക്കും അറിയില്ലെന്ന് സിഎംആര്‍എലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കെ.എസ്.സുരേഷ്‌കുമാറും ചീഫ് ജനറല്‍ മാനേജര്‍ പി.സുരേഷ്‌കുമാറും മൊഴി നല്‍കി. മൊഴി പിന്‍വലിക്കാനായി കര്‍ത്തായും കമ്പനി ഉദ്യോഗസ്ഥരും പിന്നീടു സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചെങ്കിലും നിയമവിരുദ്ധമായാണ് വീണയ്‌ക്കും എക്‌സാലോജിക്കിനും പണം നല്‍കിയതെന്ന വാദത്തില്‍ ആദായനികുതി വകുപ്പ് ഉറച്ചുനിന്നു.
ആദായനികുതി നിയമത്തിലെ 245എ.എ വകുപ്പു പ്രകാരമുള്ളതാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ്. ഇവരുടെ തീരുമാനം അന്തിമമാണ്, അപ്പീലിനു വ്യവസ്ഥയില്ല. നികുതി വെട്ടിപ്പ് ആരോപിക്കപ്പെടുന്ന വ്യക്തിയോ സ്ഥാപനമോ നല്‍കുന്ന സെറ്റില്‍മെന്റ് അപേക്ഷയാണ് ബോര്‍ഡ് പരിഗണിക്കുന്നത്.
Discussion about this post