ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ക്രിമിനൽ നടപടി ചട്ടം (സിആർപിസി), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ റദ്ദാക്കാനുള്ള ബില്ലുകൾ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പകരം മറ്റ് മൂന്ന് ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്തു.
ഭാരതീയ ന്യായ സംഹിത, 2023 (കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും), ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത, 2023 (ക്രിമിനൽ നടപടിയുമായി ബന്ധപ്പെട്ടതും അതുമായി ബന്ധപ്പെട്ടതോ ആകസ്മികമായതോ ആയ കാര്യങ്ങൾക്ക് വേണ്ടിയുള്ള നിയമം ഏകീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും), ഭാരതീയ സാക്ഷ്യ ബിൽ, 2023 (ന്യായമായ വിചാരണയ്‌ക്കുള്ള തെളിവുകളുടെ പൊതു നിയമങ്ങളും തത്വങ്ങളും ഏകീകരിക്കുന്നതിനും നൽകുന്നതിനും). ഈ ബില്ലുകളാണ് ഇന്ന് അവതരിപ്പിച്ചത്. തുടർന്ന് ഇവ ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു.
ഇന്ത്യൻ ശിക്ഷാ നിയമങ്ങൾ ബ്രിട്ടീഷ് കാലത്തെ പാരമ്പര്യം പിന്തുടരുന്നവയാണെന്നും മറിച്ച് ഇന്ത്യയുടേതായ ശിക്ഷാ നിയമങ്ങൾ വേണമെന്നുള്ള നിർദ്ദേശം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. പരിഷ്‌കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനായി 2020 മാർച്ചിൽ കേന്ദ്ര സർക്കാർ ക്രിമിനൽ നിയമ പരിഷ്‌കരണ സമിതി രൂപീകരിച്ചിരുന്നു. അന്നത്തെ നാഷണൽ ലോ യൂണിവേഴ്സിറ്റി വിസി ആയിരുന്ന പ്രൊഫസർ ഡോ. രൺബീർ സിംഗ് ആയിരുന്നു കമ്മിറ്റിയുടെ തലവൻ. ഡൽഹിയിൽ അന്നത്തെ എൻഎൽയു-ഡി രജിസ്ട്രാർ പ്രൊഫസർ ഡോ.ജി.എസ്. ബാജ്‌പേയ്, ഡിഎൻഎൽയു വിസി പ്രൊഫസർ ഡോ.ബൽരാജ് ചൗഹാൻ, മുതിർന്ന അഭിഭാഷകൻ മഹേഷ് ജഠ്മലാനി, ഡൽഹിയിലെ മുൻ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ജിപി തരേജ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു.
തുടർന്ന് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിച്ച് 2022 ഫെബ്രുവരിയിൽ കമ്മിറ്റി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ക്രിമിനൽ നിയമങ്ങളുടെ സമഗ്രമായ പുനരവലോകന പ്രക്രിയ സർക്കാർ ഏറ്റെടുത്തതായി 2022 ഏപ്രിലിൽ നിയമ മന്ത്രാലയം രാജ്യസഭയെ അറിയിച്ചിരുന്നു. ഐപിസി, സിആർപിസി, എവിഡൻസ് ആക്റ്റ് എന്നിവയ്‌ക്കായി സർക്കാർ ഉടൻ പുതിയ ഡ്രാഫ്റ്റുകൾ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഇതിന് അടുത്ത പടി ആയാണ് അമിത് ഷാ ലോക്‌സഭയിൽ ബില്ല് അവതരിപ്പിച്ചത്.
Discussion about this post