ഷിംല: ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ പെരുമഴയില്‍ മണ്ണിടിച്ചിലില്‍ പെട്ട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. ഇരുപതോളം പേരെ കാണാനില്ല. ഞായറാഴ്ച രാത്രിയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന്് സോളാനിലെ രണ്ട് വീടുകള്‍ ഒലിച്ചുപോയി.
ജാദോണ്‍ ഗ്രാമത്തിലാണ് ഒരു കുടുംബത്തിലെ ഏഴ് പേര്‍ ദുരന്തത്തില്‍ മരിച്ചത്. ഹര്‍നം(38), കമല്‍ കിഷോര്‍(35), ഹേമലത(34), രാഹുല്‍(14), നേഹ(12), ഗോലു(8), രക്ഷാ(12) എന്നിവരാണ് മരിച്ചതെന്ന് സോളന്‍ പൊലീസ് സൂപ്രണ്ട് ഗൗരവ് സിങ് പറഞ്ഞു.
സമ്മര്‍ ഹില്‍ ഏരിയയിലെ ശിവക്ഷേത്രത്തിലും ഷിംല നഗരത്തിലെ ഫാഗ്ലി ഏരിയയിലും ഉണ്ടായ രണ്ട് മണ്ണിടിച്ചിലില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഫാഗ്ലിയിലെ ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ മണ്ണിനടിയിലായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഷിംല ഡെപ്യൂട്ടി കമ്മീഷണര്‍ ആദിത്യ നേഗി പറഞ്ഞു.
ദുരന്തത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് 752 റോഡുകള്‍ അടച്ചിട്ടുണ്ടെന്ന് സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ഇന്നലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി നല്കിയിരുന്നു.
Discussion about this post