ന്യൂഡൽഹി: ദൗത്യം കാണാതെ പോയ ചന്ദ്രയാൻ 2-ന്റെ ഓർബിറ്ററുമായി ചന്ദ്രയാൻ-3 ബന്ധം സ്ഥാപിച്ചെന്ന വാർത്തയുമായി ഐഎസ്ആർഒ. ഇന്ത്യയുടെ അഭിമാനമുയർത്തിയ ചന്ദ്രയാൻ ദൗത്യം രണ്ടാം തവണ ലക്ഷ്യം കാണാതെ പോയങ്കിലും അതിന്റെ ഓർബിറ്റർ ഇപ്പോഴും പ്രവർത്തന സജ്ജമാണ്. ഇത് നിലവിൽ ചന്ദ്രനെ ഭ്രമണം ചെയ്യുന്നുമുണ്ട്. ഇതുമായാണ് പുതുതായി അയച്ച ചന്ദ്രയാൻ 3യുടെ വിക്രം ലാൻഡർ ബന്ധം സ്ഥാപിച്ചിരിക്കുന്നത്.
സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇസ്രോ ഇക്കാര്യം വ്യക്തമാക്കിയത്. ചന്ദ്രയാൻ-3 കൃത്യതയോടെയാണ് മുന്നോട്ട് കുതിക്കുന്നത് എന്നുള്ളതിന്‌റെ തെളിവാണ് ഈ ആശയവിനിമയമെന്ന് ഇസ്രോ വിലയിരുത്തുന്നു. അതേസമയം, ചന്ദ്രയാൻ മൂന്ന് ഓഗസ്റ്റ് 23-ന് ചന്ദ്രോപരിതലത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകുന്നേരം 6.04-ന് ചന്ദ്രയാൻ-3 ചന്ദ്രനെ സ്പർശിക്കും.
ലാൻഡിംഗിന് ശേഷം പേടകം നിശ്ചിത പരിധിക്കുള്ളിൽ ചന്ദ്രന്റെ ഉപരിതലത്തിൽ നീങ്ങും. ഇതിന് പിന്നാലെ നിരവധി പ്രവർത്തനങ്ങളും പരീക്ഷണങ്ങളും നടത്തും. ഇതുവരെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നത് വഴി ചാന്ദ്രഭ്രമണപഥത്തിൽ നിന്ന് ഭൂമിയെ വാസയോഗ്യമാക്കുന്ന ഘടകങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്സ്. അതായത്, ചന്ദ്രനിൽ സൂര്യൻ ഉദിക്കുന്നത് മുതൽ അസ്തമിക്കുന്നത് വരെയുള്ള സമയം മാത്രം. ഭൂമിയിലെ കണക്ക് വച്ച് നോക്കിയാൽ ഇത് വെറും 14 ദിവസമാണ്. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കി, 14 ദിവസം കഴിയുമ്പോൾ മാത്രമാണ് ചന്ദ്രയാൻ സമ്പൂർണ വിജയമായി പ്രഖ്യാപിക്കുക.
Discussion about this post