ന്യൂദല്‍ഹി: രാജ്യത്തിന് അഭിമാനമാണ്. ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍. പ്രജ്ഞാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു. ഫിഡെ ലോകകപ്പിലെ ശ്രദ്ധേയമായ പ്രകടനത്തിന് പ്രജ്ഞാനന്ദയെ ഓര്‍ത്ത് നാം അഭിമാനിക്കുന്നു. അവന്‍ തന്റെ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുകയും ഫൈനലില്‍ ശക്തനായ മാഗ്‌നസ് കാള്‍സണോട് കടുത്ത പോരാട്ടം നടത്തുകയും ചെയ്തു. ഇത് ചെറിയ കാര്യമല്ല. വരാനിരിക്കുന്ന ടൂര്‍ണമെന്റുകളില്‍ പ്രജ്ഞാനന്ദയ്‌ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്ന് പ്രധാനമന്ത്രി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു.
ഇന്ന് അസര്‍ഭായിജാനിലെ ബാക്കുവില്‍ ഇന്ന് നടന്ന ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ ആര്‍. പ്രജ്ഞാനന്ദയെ രണ്ടാമതാക്കിയാണ് മാഗ്‌നസ് കാള്‍സണ്‍ ചെസ് ലോകകപ്പ് കിരീടം സ്വന്തമാക്കി. ആദ്യ രണ്ട് ക്ലാസിക് ഗെയിമുകളിലും ലോക ഒന്നാം നമ്പര്‍ താരമായ കാള്‍സണെ സമനിലയില്‍ തളച്ച പ്രജ്ഞനാനന്ദ ടൈബ്രേക്കറില്‍ പരാജയം സമ്മതിക്കുകയായിരുന്നു.
അഞ്ച് തവണ ലോക ചാമ്പ്യനായിട്ടുള്ള നോര്‍വീജിയന്‍ ഇതിഹാസം മാഗ്‌നസ് കാള്‍സണെ കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളിലും സമനിലയില്‍ തളച്ച പ്രജ്ഞനാനന്ദയുടെ പ്രകടനം അഭിമാനമായിരുന്നു. എന്നാല്‍ ടൈബ്രേക്കറിലെ ആദ്യ ഗെയിം അവസാന മിനുറ്റുകളിലെ അതിവേഗ നീക്കങ്ങളില്‍ മാഗ്‌നസ് കാള്‍സണ്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ പ്രജ്ഞാനന്ദ സമനില വഴങ്ങിയതോടെ കാള്‍സണ്‍ കിരീടം സ്വന്തമാക്കി. കേവലം ഒന്നര പോയിന്റ് നേടിയാണ് ടൈബ്രേക്കറില്‍ കാള്‍സണ്‍ ചാമ്പ്യനായത്.
Discussion about this post