ഗുരുഗ്രാം(ഹരിയാന): നൂഹില്‍ ശ്രാവണപൂജാ ഘോഷയാത്രയ്ക്കുനേരെ ആക്രമം നടത്തിയ കേസിലെ പ്രതിയെ പിടികൂടാന്‍ പോയ പോലീസ് സേനയ്ക്കുനേരെ കല്ലേറ്. നൂഹിലെ സിങ്ഗര്‍ ഗ്രാമത്തിലാണ് സ്ത്രീകളടക്കമുള്ളവര്‍ പോലീസിനെതിരെ കല്ലേറ് നടത്തിയത്.
ഗ്രാമത്തില്‍ ഒളിവിലിരിക്കുന്ന ഇര്‍ഷാദ് എന്നയാളെ പിടികൂടാനാണ് വനിതാപോലീസ് അടക്കമുള്ള ക്രൈംബ്രാഞ്ച് പുന്‍ഹാന യൂണിറ്റ് സംഘം ഇന്നലെ സിങ്ഗറിലെത്തിയത്. നേരത്തെ നൂഹിലെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇര്‍ഷാദിനെ പിടികൂടിയെങ്കിലും ഇസ്ലാമിക സംഘടനകളില്‍പെട്ടവര്‍ തടിച്ചുകൂടി പോലീസിനെ തടഞ്ഞ് അയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടര്‍ന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ള അധിക സേനയെ വിളിച്ച് ക്രൈംബ്രാഞ്ച് സിങ്ഗറില്‍ പ്രവേശിച്ചത്. കല്ലേറില്‍ സബ് ഇന്‍സ്പെക്ടര്‍ വിനീത്, കോണ്‍സ്റ്റബിള്‍ അമര്‍ സിങ് എന്നിവരുള്‍പ്പെടെ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. അക്രമികളെ പിരിച്ചുവിടാന്‍ പോലീസിന് ആകാശത്തേക്ക് വെടി വയ്‌ക്കേണ്ടിവന്നു.
സംഭവത്തില്‍ അഞ്ച് സ്ത്രീകളടക്കം എട്ട് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഇര്‍ഷാദ് ഇപ്പോഴും ഒളിവിലാണ്. അതേസമയം, 28ന് ശ്രാവണപൂജയ്ക്കുള്ള ബ്രജ്മണ്ഡല്‍ ജലാഭിഷേക യാത്ര പുനരാരംഭിക്കുമെന്ന് മഹാപഞ്ചായത്ത് പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ 29 വരെ നുഹില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവയ്ക്കും. ജില്ലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയാണിതെന്ന് ഡിസി ധീരേന്ദ്ര ഖര്‍ഗത് പറഞ്ഞു.
Discussion about this post