ന്യൂദല്‍ഹി: തൊഴിലവസരങ്ങള്‍ കൂടുതലായി സൃഷ്ടിക്കുന്നതിന് രാജ്യം ചെറുകിടസംരംഭങ്ങളില്‍ ശ്രദ്ധയൂന്നണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. ചെറിയ സംരഭങ്ങള്‍ തൊഴിലിന് കരുത്ത് പകരുക മാത്രമല്ല, അവശത അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രയോജനം നല്കുകയും ചെയ്യും, അദ്ദേഹം പറഞ്ഞു. ലഘു ഉദ്യോഗ് ഭാരതി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഉദ്യമി സംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.
വന്‍കിട വ്യവസായമാതൃകകള്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കും. എന്നാല്‍ 140 കോടി ജനങ്ങളെക്കുറിച്ചാണ് നമ്മള്‍ ചിന്തിക്കേണ്ടത്. അതിന് വേണ്ടുന്ന പുതിയ മാതൃകകള്‍ എംഎസ്എംഇകള്‍ക്കു മാത്രമേ നല്‍കാന്‍ കഴിയൂ. വ്യാവസായിക ജോലികളില്‍ വന്‍കിട കമ്പനികള്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രം തൊഴിലാണ് വ്യാവസായികമേഖലയില്‍ നല്കുന്നു. അത്തരം തൊഴിലുകള്‍ 90 ശതമാനവും നല്‍കുന്നത് ചെറുകിട സംരംഭങ്ങകളാണ്. ഭാവിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെങ്കില്‍, ജനസംഖ്യയും പരിതസ്ഥിതിയും പരിഗണിച്ച് ചെറുകിട സംരംഭങ്ങള്‍ക്കായി നയം രൂപീകരിക്കണം, അദ്ദേഹം പറഞ്ഞു.
പടിഞ്ഞാറന്‍ വ്യാവസായിക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയുടെ സാഹചര്യം വ്യത്യസ്തമാണ്. ഇവിടെ ജനസംഖ്യയുടെ 58 ശതമാനവും കൃഷിയെ ആശ്രയിക്കുന്നവരാണ്. 60 കോടിയോളം ആളുകള്‍ക്ക് തുച്ഛമായ വരുമാനമാര്‍ഗമാണുള്ളത്. വന്‍കിട വ്യവസായ മാതൃകകള്‍ ജനങ്ങളെ നഗരങ്ങളിലേക്ക് കുടിയേറാനും ചേരികളില്‍ ദയനീയമായ ജീവിതം നയിക്കാനും നിര്‍ബന്ധിതരാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
”ഇന്ത്യ പ്രതിവര്‍ഷം 15 ലക്ഷം എന്‍ജിനീയര്‍മാരെ സൃഷ്ടിക്കുന്നു. പക്ഷേ, വേണ്ടത്ര വ്യവസായങ്ങളില്ലാത്തതിനാല്‍ അവരില്‍ വലിയൊരു വിഭാഗത്തിനും ജോലിയില്ല. ഇവരെ തൊഴില്‍ ശക്തിയുടെ ഭാഗമാക്കാന്‍ വഴി കണ്ടെത്തണം. നമ്മുടെ സവിശേഷമായ സാമൂഹിക സാഹചര്യങ്ങള്‍ ഭരണഘടന വിലയിരുത്തിയിട്ടുണ്ട്. പക്ഷേ ഭരണഘടനയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. എംഎസ്എംഇകള്‍ സൃഷ്ടിക്കുന്ന മിക്ക ജോലികളും യഥാര്‍ത്ഥത്തില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവരിലേക്കാണ് വരുമാനമെത്തിക്കുന്നത്. എംഎസ്എംഇകളിലെ സ്ത്രീ തൊഴിലാളികളില്‍ 24% എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. എംഎസ്എംഇകള്‍ സാമൂഹിക പരിവര്‍ത്തനത്തിന് വലിയ സംഭാവനയാണ് ചെയ്യുന്നതെന്ന് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു.
സര്‍ക്കാര്‍ ജോലികള്‍ കുറയുന്നതനുസരിച്ച് ദരിദ്ര വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ജോലികളും കുറയും. ഉദാഹരണത്തിന് റെയില്‍വേ കൂടുതല്‍ ജോലികള്‍ പുറം കരാറിന് കൊടുക്കുകയാണ്. അവിടെ സംവരണമില്ലല്ലോ. അപ്പോള്‍ ആ കുറവ് നികത്താന്‍ സംവിധാനം വേണം. അതുകൊണ്ട് എംഎസ്എംഇകള്‍ സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവരില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സഹസര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.
ഇന്ന് ചെരുപ്പും ബ്രഷും വരെ വന്‍കിട കമ്പനികള്‍ വില്ക്കുന്ന കാലമാണിത്. ടോയ്ലറ്റ് വൃത്തിയാക്കാന്‍ ബ്രാന്‍ഡഡ് ബ്രഷ് വേണോ? ഒരു പാര പോലും ടാറ്റ നിര്‍മ്മിക്കുന്നുണ്ട്. ഈ മേഖലകളില്‍ എങ്ങനെ തൊഴില്‍ നല്കുമെന്ന് സര്‍ക്കാര്‍ ചിന്തിക്കണം. ബ്രാന്‍ഡ് ചെയ്യാത്ത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ സംവരണം ആവശ്യമാണെന്ന് കൃഷ്ണഗോപാല്‍ പറഞ്ഞു.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, നിയമ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
Discussion about this post