ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി ഭാരതത്തിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് കൊണാർക്ക് കാലചക്രത്തിന്റെ സവിശേഷത വിവരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബൈഡന്റെ സംശയത്തിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ വിവരണം. ജി20 യോഗം നടക്കുന്ന ഭാരത മണ്ഡപത്തിൽ ബൈഡനെ സ്വീകരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി ഇത് വിവരിച്ചത്. ഇരുവരും എകദേശം 1 മിനുറ്റോളം സംസാരിച്ചിരുന്നു. ഭാരതീയ സംസ്‌കാരത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇതിനോടകം വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു.
പതിമൂന്നാം നൂറ്റാണ്ടിൽ നരസിംഹ ഒന്നാമന്റെ ഭരണത്തിന്റെ കീഴിൽ പണിക്കഴിപ്പിച്ച കൊണാർക്ക് സൂര്യക്ഷേത്രത്തിലാണ് കാലചക്രമുള്ളത്. 7 കുതിരകളും 24 ചക്രങ്ങളും ഉൾക്കൊള്ളുന്ന രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം. കൊണാർക്കിലെ രഥ ചക്രങ്ങളാണ് ഇന്ത്യൻ കറൻസികളിൽ കാണുന്നത്. 24 കാലുകളുള്ള ചക്രം ഇന്ത്യയുടെ ദേശീയ പതാകയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജി20 ആദ്യ സെഷനിൽ ‘ ഒരു ഭൂമി’ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരിക്കും ചർച്ചകൾ. ‘ഒരു കുടുംബം’ എന്ന ആശയത്തെ മുൻ നിർത്തിയാണ് രണ്ടാമത്തെ സെഷൻ ആരംഭിക്കുക. വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് എന്നതാണ് ജി20യിൽ ഇന്ത്യ മുന്നോട്ട് വെയ്‌ക്കുന്ന പ്രധാന ആശയം.
Discussion about this post