മുംബൈ: ദേശീയ നാവികസേനാ ദിനാഘോഷത്തിന് സിന്ധുദുര്‍ഗ് കോട്ട ആതിഥ്യം വഹിക്കും. ഭാരത ചരിത്രത്തില്‍ ഛത്രപതി ശിവാജി നേതൃത്വം നല്കിയ നാവികസേനയുടെ ആസ്ഥാനമായിരുന്ന സിന്ധുദുര്‍ഗ് കോട്ടയില്‍ ഇക്കുറി നാവികസേനാദിനത്തില്‍ വീരസ്മരണകള്‍ പുനര്‍ജനിക്കും. 1971-ല്‍ കറാച്ചി തുറമുഖം കീഴടക്കി പാക്കിസ്ഥാനെതിരെ വിജയം കുറിച്ച ദിനത്തിന്റെ ഓര്‍മ്മകളുമായാണ് ഡിസംബര്‍ നാലിന് ഭാരതം നാവികസേനാദിനം ആഘോഷിക്കുന്നത്. 1660 ലാണ് ശിവാജി സിന്ധുദുര്‍ഗ് കോട്ട നിര്‍മ്മിച്ചത്.
കഴിഞ്ഞ വര്‍ഷം ഭാരതത്തിന്റെ കിഴക്കന്‍ തീരത്താണ് നാവിക ദിനം ആഘോഷിച്ചത്. ഈ വര്‍ഷം പടിഞ്ഞാറന്‍ തീരത്ത് ആഘോഷം സംഘടിപ്പിക്കുതിനാണ് തീരുമാനമെന്ന് നാവികസേനാവൃത്തങ്ങള്‍ അറിയിച്ചു. കരസേനയും വ്യോമസേനയും കഴിഞ്ഞ വര്‍ഷം ബെംഗളൂരുവിലും ചണ്ഡീഗഡിലും പരേഡുകള്‍ സംഘടിപ്പിച്ചിരുന്നു. ഈ വര്‍ഷത്തെ എയര്‍ഫോഴ്‌സ് ഡേ പരേഡ് ഒക്ടോബര്‍ 8 ന് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാകും നടക്കുക.
കഴിഞ്ഞ വര്‍ഷം ഐഎന്‍എസ് വിക്രാന്ത് കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ നാവികസേന പതാകയിലെ സെന്റ് ജോര്‍ജ്ജ് ക്രോസ് ചിഹ്നത്തിന് പകരം ഛത്രപതി ശിവാജിയുടെ നാവികസേനാ മുദ്ര ഉള്‍പ്പെടുത്തിയിരിന്നു. അധിനിവേശസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ തുടച്ചുനീക്കുന്നതിന്റെ ഭാഗമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ന് അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് കാലത്തെ കന്റോണ്‍മെന്റുകളെ സൈനിക സ്റ്റേഷനുകള്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കവും പ്രതിരോധ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. 58 കന്റോണ്‍മെന്റുകളിലെ പ്രദേശങ്ങള്‍ വിഭജിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തി.
Discussion about this post