ബെംഗളൂരു: കർണാടകയിലെ പ്രശസ്ത ഹൊയ്‌സാല ക്ഷേത്രങ്ങൾ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. ബേലൂർ, ഹലേബിഡ്, സോമനന്തപുര മേഖലകളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങളാണ് ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്. യുനെസ്‌കോ ട്വിറ്ററിലൂടെയാണ് (എക്‌സ്) ഇക്കാര്യം അറിയിച്ചത്.
2014 ഏപ്രിൽ മുതൽ യുനെസ്‌കോയുടെ താത്ക്കാലിക പട്ടികയിൽ ഹോയ്‌സാല ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. 12-13 നൂറ്റാണ്ടുകളിലാണ് ഈ ക്ഷേത്രങ്ങൾ നിർമ്മിച്ചത്. ഹൊയ്‌സാല രാജവംശ കാലഘട്ടത്തിലെ കലാകാരന്മാരുടെയും വാസ്തുശിൽപികളുടെയും സർഗ്ഗാത്മകതയുടെയും വൈദഗ്ധ്യത്തിന്റെയും പ്രതീകങ്ങളായാണ് ഹോയ്‌സാല ക്ഷേത്രങ്ങൾ ഇന്നും നിലകൊള്ളുന്നത്.
ഹൊയ്സാല ക്ഷേത്രങ്ങൾക്ക് ദ്രാവിഡൻ ഘടനയാണുള്ളത്. വ്യത്യസ്ത തരത്തിലുള്ള ക്ഷേത്ര വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ശില്പികൾ ഈ ക്ഷേത്രങ്ങൾ വാർത്തെടുത്തത്. തികച്ചും യാഥാർത്ഥ്യമെന്ന് തോന്നുന്ന തരത്തിലുള്ള ശിൽപ്പങ്ങൾ, ശിലാരൂപങ്ങൾ, പ്രദക്ഷിണ പാത, ശിൽപ്പ ഗാലറി എന്നിവയാണ് ക്ഷേത്രങ്ങളിലെ ആരാധനാലയങ്ങളുടെ പ്രധാന സവിശേഷതയെന്ന് യുനെസ്‌കോ പരമാർശിച്ചു.
സെപ്റ്റംബർ 17-ന് പശ്ചിമബംഗാളിൽ സ്ഥിതിചെയ്യുന്ന ശാന്തിനികേതനെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതായി യുനെസ്‌കോ അറിയിച്ചിരുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പ് രവീന്ദ്രനാഥ ടാഗോർ നിർമ്മിച്ചതാണ് ശാന്തിനികേതൻ.
Discussion about this post