ന്യൂഡൽഹി: യുഎസിലെ ഇന്ത്യൻ കോൺസുലേറ്റിൽ ആക്രമണം നടത്തിയ പത്ത് ഖാലിസ്ഥാൻ ഭീകരവാദികളുടെ ഫോട്ടോ എൻഐഎ പുറത്തുവിട്ടു. 2023 മാർച്ചിലാണ് സാൻഫ്രാൻസിസ്‌കോയിലുള്ള കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായത്. പ്രതികളുടെ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസാണ് ദേശീയ അന്വേഷണ ഏജൻസി പുറത്തിറക്കിയത്.
പ്രതികളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം എൻഐഎ അഭ്യർത്ഥിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പറുകളും ഇമെയിൽ ഐഡികളും നൽകിയിട്ടുണ്ട്. പ്രതികളെ കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
2023 മാർച്ച് 18 നും 19 നും ഇടയിലാണ് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായത്. ഖലിസ്ഥാൻ അനുകൂലികൾ കോൺസുലേറ്റിലേക്ക് അതിക്രമിച്ച് കയറി തീയിടാൻ ശ്രമിക്കുകയായിരുന്നു. ഖലിസ്ഥാൻ പതാക കോൺസുലേറ്റിന് മുകളിൽ നാട്ടാനുള്ള ശ്രമവും ഉണ്ടായി. ജൂലൈ 1, 2 തീയതികളിലും വീണ്ടും അതേ കോൺസുലേറ്റിന് നേരെ ആക്രമണം ഉണ്ടായതായി എൻഐഎ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എഐഎ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ ഭാഗമായി എൻഐഎ സംഘം കഴിഞ്ഞ മാസം സാൻഫ്രാൻസിസ്‌കോ സന്ദർശിച്ചിരുന്നു.
Discussion about this post