ന്യൂഡൽഹി: ഉജ്ജ്വല യോജനയ്‌ക്ക് കീഴിലെ പാചക വാതക സബ്‌സിഡി 200 നിന്ന് 300 ആക്കി ഉയർത്തി കേന്ദ്ര സർക്കാർ. ഗുണഭോക്താക്കൾക്ക് 14.2 കിലോഗ്രാം സിലിണ്ടറിന് ഇനി 300 രൂപ വീതം സബ്‌സിഡി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു.
ഉജ്ജ്വല ഗുണഭോക്താക്കൾ 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപ വിപണി വിലയിൽ 703 രൂപയാണ് നൽകിയിരുന്നത്. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിന് ശേഷം 603 രൂപ നൽകിയാൽ മതിയാകും. രാജ്യത്ത് പത്ത് കോടിയിലധികം വരുന്ന ഉജ്ജ്വല യോജന ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.
മൂന്ന് വർഷത്തിനുള്ളിൽ 75 ലക്ഷം പാവപ്പെട്ട കുടുംബങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 1,650 കോടി രൂപയാണ് ഇതിനായി ചെലവ് കണക്കാക്കുന്നത്. പ്രധാനമന്ത്രി ഉജ്ജ്വല യോജന (പിഎംയുവൈ) വിപുലീകരിക്കുന്നതിന് സെപ്തംബറിലെ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നതായും മന്ത്രി വ്യക്തമാക്കി.
പ്രതിവർഷം 12 സിലിണ്ടറുകൾക്കാണ് സബ്‌സിഡി ലഭിക്കുക. പദ്ധതി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് തുക നേരിട്ടെത്തുന്നത്. സാമ്പത്തികകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി രക്ഷാബന്ധൻ ദിനത്തിൽ എല്ലാ ഉപഭോക്താക്കൾക്കുമുള്ള എൽപിജി സിലിണ്ടർ വില 200 രൂപ കുറച്ചിരുന്നു.
ശുദ്ധമായ പാചക ഇന്ധനം ഗ്രാമീണ മേഖലയിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ലഭ്യമാക്കുന്നതിന വേണ്ടി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന. വീടുകളിലെ മുതിർന്ന സ്ത്രീകളുടെ പേരിൽ നിക്ഷേപമില്ലാതെയാണ് എൽപിജി കണക്ഷനുകൾ നൽകുന്നത്. 2016 മെയിലാണ് പദ്ധതി ആരംഭിച്ചത്.
Discussion about this post