ന്യൂദല്‍ഹി: വൈവിധ്യത്തിലെ ഏകത്വമല്ല, ഏകത്വത്തിലെ വൈവിധ്യമാണ് ഭാരതത്തിന്റെ സവിശേഷതയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സെക്യുലറിസം എന്ന വാക്ക് പിന്നീട് വന്നതാണ്. അയ്യായിരം വര്‍ഷം പഴക്കമുള്ള ഈ സംസ്‌കൃതിയില്‍ സെക്യുലറിസം അടങ്ങിയിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍. ഹരി രചിച്ച ‘പൃഥ്വിസൂക്ത’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ചേര്‍ന്ന് നിര്‍വഹിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ അടിസ്ഥാനം ഈ ഏകതയാണ്. ഒന്നിച്ചു നില്‍ക്കണമെങ്കില്‍ ഐക്യം ആവശ്യമാണ്. വിവിധ രാഷ്ട്രങ്ങളെ ഒന്നിച്ചു നിര്‍ത്തുന്നത് വിവിധങ്ങളായ കാരണങ്ങളാണ്. അത് ഭാഷയും വേഷവും നില്‍ക്കുന്ന പ്രദേശങ്ങളുടെ പ്രത്യേകതയുമെല്ലാമാകാം. ഭാരതം നമ്മുടെ മാതൃഭൂമിയാണ്. ഭൂമി മാതാവാണ്, നമ്മളെല്ലാം ആ അമ്മയുടെ മക്കളാണ്. ലോകം ഒന്നാണെന്നാണ് ഭാരതത്തിന്റെ ആശയം. ജി 20 ഉച്ചകോടിയില്‍ വസുധൈവ കുടുംബകമെന്ന ശീര്‍ഷകത്തിലൂടെ ഭാരതം ലോകത്തിന് മുന്നില്‍വെച്ചതും ഈ ആശയമാണ്. എല്ലാ വൈവിധ്യങ്ങളും അവയുടെ അടിസ്ഥാനമായ ഏകതയിലേക്കാണ് എത്തിച്ചേരുന്നത്. എല്ലാവരും ഒന്നാണെന്ന മഹത്തായ ആശയമാണ് ഭാരതം മുന്നോട്ടുവച്ചത്, സര്‍സംഘചാലക് പറഞ്ഞു.
വിദ്വാനും കര്‍മ്മയോഗിയുമാണ് ആര്‍. ഹരിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദല്‍ഹി അംബേഡ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പ്രജ്ഞാപ്രവാഹ് ദല്‍ഹി സംയോജകന്‍ പ്രൊഫ. ശ്രീപ്രകാശ് സിങ്, പ്രസാധകരായ കിത്താബ് വാലയുടെ എംഡി പ്രശാന്ത് ജെയിന്‍ എന്നിവര്‍ സംസാരിച്ചു. ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്, പ്രൊഫ. ശ്രീനിവാസ്, പ്രൊഫ. യോഗേഷ് സിങ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ഡോ. ഗൗരിപ്രിയ സോമനാഥും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി.
Discussion about this post