കൊഹിമ: സംസ്ഥാനം രൂപം കൊണ്ട് അറുപത് വര്‍ഷത്തിന് ശേഷം ചരിത്രത്തിലാദ്യമായി നാഗാലാന്‍ഡിന് മെഡിക്കല്‍ കോളേജ് ലഭിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാഗാലാന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് (എന്‍ഐഎംഎസ്ആര്‍) കഴിഞ്ഞ ദിവസമാണ് ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി നെയ്ഫിയു റിയോ, ഉപമുഖ്യമന്ത്രി ടി.ആര്‍. സെലിയാങ്, മന്ത്രിസഭാംഗങ്ങള്‍, എംഎല്‍എമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. രാജ്യത്തെല്ലായിടത്തുമെന്ന പോലെവടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനക്കുതിപ്പിന് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വലിയ പരിഗണനയുടെ അടയാളമാണിതെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകള്‍ ഉണ്ടാകും, 85 എണ്ണം നാഗാലാന്‍ഡിനും 15 മറ്റ് സംസ്ഥാനങ്ങള്‍ക്കും. സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ കോളജ് മെഡിക്കല്‍ വിദ്യാഭ്യാസം മാത്രമല്ല ലക്ഷ്യമിടുന്നതെന്നും ആരോഗ്യരംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ക്ക് ഇവിടെ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാലത്തിന്റെ ആവശ്യം കണക്കിലെടുത്ത് മെഡിക്കല്‍, നഴ്‌സിങ് വിദ്യാഭ്യാസം ശക്തിപ്പെടുത്തേണ്ടതുണ്ട്. 2014ല്‍ രാജ്യത്ത് 64,000 എംബിബിഎസ് സീറ്റുകളുണ്ടായിരുന്നത് ഇപ്പോള്‍ പലമടങ്ങ് വര്‍ധിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പിജി സീറ്റുകളും ഇരട്ടിയായി.
നാഗാലാന്‍ഡിലെ ജനങ്ങള്‍ക്ക് ഇതൊരു ചരിത്ര ദിനമാണെന്ന് മുഖ്യമന്ത്രി റിയോ പറഞ്ഞു. മെഡിക്കല്‍ കോളജ് എന്ന തന്റെ സ്വപ്‌നം പൂവണിഞ്ഞിരിക്കുന്നു. സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാണ്, കൂടാതെ രണ്ടും മൂന്നും ഘട്ട ആരോഗ്യ പരിചരണത്തിലും പോരായ്മകളുണ്ട്. മികവിന്റെ കേന്ദ്രമായി പുതിയ സൗകര്യം വികസിക്കുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ കോളജില്‍ പഠിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിചരണവും സ്‌നേഹവും നല്കണം. അവര്‍ നാഗാലാന്‍ഡിന്റെ അംബാസഡര്‍മാരായി വേണം പഠനം പൂര്‍ത്തിയാക്കാന്‍, അദ്ദേഹം പറഞ്ഞു.
ഷില്ലോങ്ങിലെ നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ദിരാഗാന്ധി റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്‍ഡ് മെഡിക്കല്‍ സയന്‍സസില്‍ പുതിയ കാന്‍സര്‍ സെന്റര്‍, നഴ്സിങ് കോളേജിന്റെ പുതിയ കെട്ടിടം, ഹോസ്റ്റല്‍, എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, ഗസ്റ്റ് ഹൗസ് എന്നിവയും മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.
Discussion about this post