ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഭാരതത്തിന്റെ ഗഗന്‍യാന്‍ ദൗത്യത്തിന് വനിതാ ഫൈറ്റര്‍ ടെസ്റ്റ് പൈലറ്റുമാരെയോ വനിതാ ശാസ്ത്രജ്ഞരെയോയാവും പരിഗണിക്കുകയെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്.
ബഹിരാകാശ യാത്രയ്‌ക്കിടെ എന്തെങ്കിലും ആപത്തുണ്ടായല്‍ യാത്രികരെ സുരക്ഷിതമായി മടക്കിയെത്തിക്കാനുള്ള ടെസ്റ്റ് അബോര്‍ട്ട് മിഷന്‍ 1 (ടിവി ഡി1) കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ബഹിരാകാശ ദൗത്യങ്ങളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സോമനാഥ് ഊന്നിപ്പറഞ്ഞു. ഇതില്‍ സംശയമില്ല, എന്നാല്‍ അതിന് യോജിച്ചവരെ കണ്ടെത്തേണ്ടതുണ്ട്. നിലവില്‍, പ്രഥമ പരിഗണന വനിതാ പൈലറ്റുമാരാണ്. ഭൂമിയില്‍ നിന്ന് 400 കിലേമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ച് തിരികെ സുരക്ഷിതമായി ഭൂമിയിലെത്തിക്കുന്ന ദൗത്യത്തിനാണ് ആദ്യം ലക്ഷ്യമിടുന്നത്. മൂന്ന് ദിവസമെടുത്താകും ദൗത്യം പൂര്‍ത്തിയാക്കുക, എസ്. സോമനാഥ് പറഞ്ഞു. 2025 ആവുന്നതോടെ മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള ദൗത്യം പ്രതീക്ഷിക്കുന്നതായും അത് ഹ്രസ്വകാല ദൗത്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post