വാരണാസി: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുമ്പ് അയോധ്യയില്‍ രാംലീല കൊണ്ടാടുമെന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ചെയര്‍മാനും നടനുമായ ഗജേന്ദ്രസിങ് ചൗഹാന്‍. രാംലീലയില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് ഞാന്‍. എന്തൊരുജ്ജ്വല മുഹൂര്‍ത്തമാണിത്. ഭഗവാന്‍ രാമന്‍ കളിച്ചുവളര്‍ന്ന മണ്ണില്‍ അദ്ദേഹത്തിന്റെ ബാലരൂപത്തിലുള്ള പ്രാണപ്രതിഷ്ഠ നടക്കുന്നു. അതിനുമുന്നോടിയായി രാംലീല അരങ്ങേറുന്നു. എനിക്ക് പരശുരാമന്റെയും ദശരഥന്റെയും വേഷമാണ് രാംലീലയില്‍ ചെയ്യാനുള്ളത്… ഇതൊരു ധന്യമായ മുഹൂര്‍ത്തമാണ്, ഗജേന്ദ്രസിങ് ചൗഹാന്‍ പറഞ്ഞു.
ജനുവരി 22ന് അയോധ്യയില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് ഞാന്‍. രവി കിഷന്‍, പൂനം ധില്ലന്‍, റാസ മുറാദ് തുടങ്ങി രാജ്യത്തെ പ്രശസ്തരായ നിരവധി കലാകാരന്മാരും ഒപ്പം ഉണ്ടാകും, ചൗഹാന്‍ പറഞ്ഞു.
ജനുവരി 18 മുതല്‍ 22 വരെയാണ് രാംലീല സംഘടിപ്പിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. രാമചരിതമാനസുമായി ബന്ധപ്പെട്ട എല്ലാ അധ്യായങ്ങളിലൂടെയും അഞ്ച് ദിവസത്തെ കലാപരിപാടികള്‍ കടന്നുപോകും. ഇതാദ്യമായാണ് ജനുവരിയില്‍ രാംലീല അരങ്ങേറുന്നത്. സാധാരണയായി സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലാണ് രാംലീല സംഘടിപ്പിക്കാറുള്ളത്.
Discussion about this post