മുംബൈ: മേരി മാട്ടി മേരി ദേശ് സെല്‍ഫി കാമ്പയിനിലൂടെ ചൈനയെ മറികടന്ന് ഭാരതത്തിന് ലോകറിക്കാര്‍ഡ്. 2016ല്‍ ചൈന നേടിയ ഒരു ലക്ഷം സെല്‍ഫിയുടെ റിക്കാര്‍ഡാണ് മഹാരാഷ്ട്രയിലെ സാവിത്രിബായ് ഫുലെ പൂനെ സര്‍വകലാശാല(എസ്പിപിയു) മറികടന്നത്. മഹാരാഷ്ട്രയിലെ പവിത്രകേന്ദ്രങ്ങളില്‍ നിന്ന് സമാഹരിച്ച മണ്ണുമായി പത്ത് ലക്ഷത്തിലേറെ (1042538) സെല്‍ഫിയാണ് എസ്പിപിയു അപ്‌ലോഡ് ചെയ്തത്. ഛത്രപതി ശിവജിയുടെ മണ്ണ് ചൈനയെ തോല്പിച്ചു എന്നാണ് നേട്ടത്തെ അഭിനന്ദിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞത്.
മേരി മാട്ടി മേരി ദേശ് അഭിയാന്റെ ഭാഗമായി രാജ്യത്തുടനീളം പവിത്രമായ മണ്ണുമായി ജനങ്ങള്‍ സെല്‍ഫി എടുത്ത് പോസ്റ്റ് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. മുംബൈയില്‍ ചേര്‍ന്ന ചടങ്ങില്‍ ഗിന്നസ് ബുക്ക് അധികൃതര്‍ എസ്പിപി സര്‍വകലാശാലയ്ക്ക് ലോകറിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവരും പങ്കെടുത്തു. ദേശാഭിമാനത്തിന്റെ ഉജ്ജ്വലമായ പ്രകടനമാണ് ഇതെന്ന് ഷിന്‍ഡെ പറഞ്ഞു. 25 ലക്ഷം സെല്‍ഫിയാണ് എടുത്തത്. പത്ത് ലക്ഷം സെല്‍ഫിക്കാണ് ഗിന്നസ് ബുക്ക് അംഗീകാരം നല്കിയത്. രാജ്യത്തിനായി ചോര ചൊരിഞ്ഞവരുടെ പവിത്രസ്മരണകളാണ് മറാത്തയുടെ മണ്ണ് മുന്നോട്ടുവയ്ക്കുന്നതെന്ന് ഷിന്‍ഡെ ഓര്‍മ്മിപ്പിച്ചു.
Discussion about this post