ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഡീപ് ഫേക്കുകള്‍ നിര്‍മിക്കാന്‍ നിര്‍മിതബുദ്ധി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗര്‍ബ നൃത്തം ചെയ്യുന്നതായുള്ള ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടിരുന്നു. ഇത് താന്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചെറുപ്പകാലത്തുപോലും താന്‍ ഗര്‍ബ നൃത്തം കളിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
നിര്‍മിത ബുദ്ധി ഉപയോഗിച്ച് കൃത്രിമമായി നിര്‍മിക്കുന്ന, യഥാര്‍ഥമെന്ന് തോന്നുന്ന ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദം ഉള്‍പ്പെടെയുള്ള ഉള്ളടക്കങ്ങൾ തുടങ്ങിയവയെയാണ് ഡീപ്പ് ഫേക്കുകള്‍ എന്ന് വിളിക്കുന്നത്. നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ കത്രീന കൈഫ്, കജോള്‍ എന്നിവരുടേയും ഡീപ് ഫേക്ക് വീഡിയോകള്‍ പ്രചരിക്കപ്പെട്ടിരുന്നു.
Discussion about this post