ന്യൂദല്‍ഹി: അതിര്‍ത്തിമേഖലകള്‍ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ചൈനയെ അലോസരപ്പെടുത്തുന്നത് സ്വാഭാവികമാണെന്ന് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ബി.ഡി. മിശ്ര. ചൈന ഭാരതത്തിന് ഒരു ഭീഷണിയായിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ ചൈന ഭയക്കുന്ന കാലമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ബി.ഡി. മിശ്രയുടെ അഭിപ്രായങ്ങള്‍.
40 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയും 1962ലെ ഭാരത-ചൈന യുദ്ധത്തില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത സ്വന്തം അനുഭവത്തില്‍ നിന്നാണ് തന്റെ വിലയിരുത്തലെന്ന് മിശ്ര പറഞ്ഞു. ലഡാക്കില്‍ ചുമതലയേറ്റെടുത്തതിന് ശേഷം ചൈനക്കാര്‍ കടന്നുകയറിയെന്ന് പ്രചരിപ്പിക്കുന്ന എല്ലാ ഇടങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ഗാല്‍വാന്‍ താഴ്വരയില്‍, നമ്മുടെ അതിര്‍ത്തിയെക്കുറിച്ചും കരുത്തിനെക്കുറിച്ചുമൊക്കെയുള്ള ചൈനീസ് ധാരണകള്‍ വളരെ പിറകിലാണ്. ഭാരതത്തിന്റെ ഒരു പ്രദേശത്തും അവര്‍ കാലൂന്നില്ല. മറിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ പച്ചക്കള്ളങ്ങളാണെന്ന് മിശ്ര പറഞ്ഞു.
.ചൈനയുടെ തത്വശാസ്ത്രം ചൂഷണമാണ്. അത് പാകിസ്ഥാനിലും ശ്രീലങ്കയിലും അഫ്ഗാനിസ്ഥാനിലുമെല്ലാം അവര്‍ ചെയ്യുന്നത് അതാണ്. സഹായിക്കാനാണെന്ന ഭാവത്തില്‍ കടന്നുകയറുകയും ആ രാജ്യങ്ങളെ പാപ്പരാക്കി വിഴുങ്ങുകയുമാണ് ചൈന ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നിലപാടില്‍ ചൈന സ്വാഭാവികമായും നിരാശരാണ്. പാകിസ്ഥാനിലും അഫ്ഗാനിലും ശ്രീലങ്കയിലും നമ്മള്‍ സഹായവുമായെത്തി. ഇതൊന്നും ചൈനയ്ക്ക് ദഹിക്കില്ല..
1962ലെ ഭാരതമല്ല ഇത്. അന്ന് യുദ്ധസമയത്ത് നമ്മുടെ നേതൃത്വം വേണ്ടത്ര തയാറായിരുന്നില്ല, ആയുധങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വന്നു. സൈന്യവും സജ്ജമായിരുന്നില്ല. എന്നാല്‍ പുതിയ ഭാരതം അങ്ങനെയല്ല. നമ്മള്‍ എപ്പോഴും സജ്ജരാണ്. ചൈനയുടെ അതിര്‍ത്തിയില്‍ നമ്മുടെ ടാങ്കുകള്‍ സജ്ജമാണ്. ധാരാളമായി റോഡുകള്‍ നിര്‍മ്മിച്ചു, സൈനികരുടെ ആത്മവിശ്വാസവും നേതൃത്വത്തോടുള്ള വിശ്വാസവും ഏറ്റവും ശക്തമായ കാലമാണിത്. നമ്മള്‍ ആരോടും ഭിക്ഷയ്ക്ക് പോകില്ലെന്ന് ഇന്ന് ഉറപ്പുണ്ട്. ഭാരതം ശക്തമായതുകൊണ്ടാണ് ലോക രാജ്യങ്ങള്‍ സൗഹൃദം മോഹിച്ച് ഇങ്ങോട്ടു വരുന്നത്, ഡി.പി. മിശ്ര ചൂണ്ടിക്കാട്ടി.
പ്രശ്‌നങ്ങളുടെ ഭാഗമല്ല ഭാരതം, പരിഹാരത്തിന്റെ ഭാഗമാണ്. ചൈനയുമായും പാകിസ്ഥാനുമായും പ്രധാനമന്ത്രി മോദി പല തവണ സംസാരിച്ച. പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അഹമ്മദാബാദിലും പിന്നീട് 2019ല്‍ ചെന്നൈയിലും അദ്ദേഹം ചൈനീസ് പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിച്ചു. പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുടെ വിവാഹത്തില്‍ പോലും അദ്ദേഹം പാകിസ്ഥാനുമായി സമാധാനത്തിന് ശ്രമിച്ചു. അത് കരുത്തന് മാത്രം ചേരുന്ന സംഭാഷണരീതിയാണ്.
ലഡാക്കിന് മാത്രമായി ഒരു സംസ്ഥാനപദവി എന്നത് പ്രായോഗികമല്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പറഞ്ഞു. ഒരു സംസ്ഥാനത്തിനും 14-15 ലക്ഷത്തില്‍ താഴെ ജനസംഖ്യയില്ല, ലഡാക്കില്‍ മൂന്ന് ലക്ഷം ആളുകള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post