ബാങ്കോക്ക്: സമൂഹത്തിനാകെ നന്മയും ശ്രേയസും പ്രദാനം ചെയ്യുന്ന തത്വങ്ങളും ആദർശങ്ങളുമാണ് ഹിന്ദുധർമം ലോകത്തിന് കാഴ്ചവയ്ക്കുന്നതെന്ന് തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ ലോക ഹിന്ദു കോൺഗ്രസിന്‍റെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രഭാഷണത്തിൽ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. എല്ലാവരിലും നന്മ മാത്രം ദർശിക്കുന്ന വിശാല വീക്ഷണമാണ് സനാതന ധർമത്തിന്‍റെ പ്രത്യേകത. എന്‍റെ ധർമം എന്‍റെ കർത്തവ്യമാണെന്നും അത് ഞാൻ നിർവഹിക്കണമെന്നുമുള്ള കാഴ്ചപ്പാടിനാണ് സനാതന ധർമം പ്രധാന്യം കൊടുക്കുന്നത്. ഇത് ഐക്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും ശാന്തിയുടേയും മാർഗമാണ്. മനുഷ്യരിൽ സ്‌നേഹത്തിന്‍റെയും സേവനത്തിന്‍റെയും നീരുറവ ഇന്ന് വറ്റിവരികയാണ്. ലോകത്തെയും മനുഷ്യരെയും രക്ഷിക്കാനുള്ള ഏക മാർഗം ധർമത്തെ വീണ്ടെടുക്കുക എന്നതാണ്. സമൂഹത്തിന് മനുഷ്യനിർമിതമായ നിയമങ്ങളുള്ളതു പോലെ ഈ പ്രപഞ്ചത്തിന്‍റെ നടത്തിപ്പിന് പ്രപഞ്ചശക്തി നിശ്ചയിച്ച നിയമമാണ് ധർമം. പരമാവധി ജനങ്ങൾക്ക് പരമാവധി സമയം പരമാവധി സന്തോഷം നൽകുന്നതെന്തോ അതാണ് ധർമം. ധർമത്തിൽ ഉറച്ചു നിന്നുകൊണ്ട് സ്‌നേഹവും ശാന്തിയും ഐക്യവും തുടിക്കുന്ന ഒരു ലോകക്രമം വാർത്തെടുക്കാൻ മാതാ അമൃതാനന്ദമയി ദേവി ആഹ്വാനം ചെയ്തു. ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബൊളെ, വിശ്വഹിന്ദു പരിഷത്ത് ജോയിന്‍റ് ജനറൽ സെക്രട്ടറി സ്വാമി വിജ്ഞാനന്ദ്, ഹിന്ദു എക്കണോമിക് ഫോറം സെക്രട്ടറി രവികാന്ത് മിശ്ര, ഡോ. ജയ് ബിശ്വാൾ, ലോക ഹിന്ദു കോൺഗ്രസ് സംഘാടക സമിതി സെക്രട്ടറി സ്വദേശ് ഖേതാവാത്, പ്രൊഫ. ഗുണ മഹേശൻ തുടങ്ങിയവർ സമാപന സമ്മേളനത്തിൽ സംസാരിച്ചു. ഹൈന്ദവ സമൂഹത്തിനു മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും ചർച്ച ചെയ്യുന്നതിനായാണ് വേൾഡ് ഹിന്ദു ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ ബാങ്കോക്കിൽ ലോക ഹിന്ദു കോൺഗ്രസ് സംഘടിപ്പിച്ചത്. മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും ആത്മീയാചാര്യൻമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതരും 60ലേറെ രാജ്യങ്ങളിൽ നിന്നുള്ള 2,000ത്തിലേറെ പ്രതിനിധികളും പങ്കെടുത്തു.
Discussion about this post