പൂനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് പരിശീലനം നേടിയ വനിതാകേഡറ്റുകളുടെ ആദ്യസംഘം പാസിങ് ഔട്ട് പരേഡ് നടത്തി. എല്ലാ അര്‍ത്ഥത്തിലും ഇതൊരു ചരിത്രദിനമാണെന്ന് കേഡറ്റുകളെ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. പൂനെയില്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ 145-ാമത് കോഴ്സിന്റെ പാസിങ് ഔട്ട് പരേഡ് നിരീക്ഷിക്കുകയായിരുന്നു സായുധസേനയുടെ പരമോന്നത കമാന്‍ഡര്‍ കൂടിയായ രാഷ്ട്രപതി. പതിനഞ്ച് പെണ്‍കുട്ടികളുടെ യൂണിറ്റാണ് ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നത്.
എന്‍ഡിഎ 2022 മുതലാണ് വനിതാ കേഡറ്റുകളെ പരിശീലിപ്പിക്കാന്‍ ആരംഭിച്ചത്. അത് ചരിത്രപരമായ തീരുമാനമായിരുന്നു. ആ നടപടിയുടെ ഫലമാണ് വനിതാകേഡറ്റുകളുടെ ആദ്യ പരേഡെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആദ്യമായി അവര്‍ മാര്‍ച്ചിങ കണ്‍ജന്റിലെ പരേഡില്‍ പങ്കെടുക്കുന്നു. അക്കാദമിക്കും രാഷ്ട്രത്തിനും ഇവര്‍ അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇന്നും നമ്മുടെ പെണ്‍മക്കള്‍ അവര്‍ക്ക് ഇഷ്ടമുള്ള തൊഴില്‍ തെരഞ്ഞെടുക്കാന്‍ പാടുപെടേണ്ടി വരുന്നു. അതുകൊണ്ടാണ് വനിതാ കേഡറ്റുകളെ പ്രത്യേകം അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്,’ രാഷ്ട്രപതി മുര്‍മു പറഞ്ഞു.
അക്കാദമി സ്ഥാപിതമായതിന്റെ എഴുപത്തഞ്ചാമത് വാര്‍ഷികം അടുത്ത ജനുവരിയിലാണ്. അതുകൊണ്ടുതന്നെ ഈ ശരത്കാല പാസിങ് ഔട്ട് പരേഡ് ഒരു സവിശേഷ നാഴികക്കല്ലാണ്, രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
റിവ്യൂവിങ് ഓഫീസര്‍ എന്ന നിലയില്‍, രാഷ്ട്രപതി മുര്‍മു കേഡറ്റുകളുടെ പരേഡ് ലൈനപ്പ് പരിശോധിച്ചു. അവാര്‍ഡ് നേടിയ കേഡറ്റുകള്‍ക്ക് മെഡലുകള്‍ സമ്മാനിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് എന്‍ഡിഎ പെണ്‍കുട്ടികളുടെ ആദ്യ ബാച്ചിന് പ്രവേശനം നല്കിയത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ രീതിയിലുള്ള പരിശീലനമാണ് നല്കുന്നതെന്ന് സേനാവൃത്തങ്ങള്‍ അറിയിച്ചു. എന്‍ഡിഎയില്‍ നിന്ന് പാസായ ശേഷം, കേഡറ്റുകള്‍ അതത് സായുധ സേനയുടെ അക്കാദമികളില്‍ ഒരു വര്‍ഷത്തെ പ്രീ-കമ്മിഷനിങ് പരിശീലനത്തിനായി പുറപ്പെടും.
Discussion about this post