മുംബൈ: ഭാരതീയ വിദ്യാഭ്യാസത്തിനും ദേശീയതയുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുന്നതിനും പ്രേരണയായ ആദ്യകാല ആര്‍എസ്എസ് പ്രചാരകന്‍ ദത്താജി ദിഡോള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷങ്ങളില്‍ പങ്കുചേരാന്‍ മഹാരാഷ്ട്രയിലെ കോളജുകള്‍ക്ക് യുജിസി നിര്‍ദേശം. എബിവിപിയുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ച ദിഡോള്‍ക്കര്‍ വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന അധഃസ്ഥിത വിഭാഗത്തിലെ കുട്ടികള്‍ക്കായി ജയന്ത് കോച്ചിങ് സെന്റര്‍ മഹാരാഷ്ട്രയിലെ സാമൂഹ്യമുന്നേറ്റത്തിലെ ഒരു പ്രധാന അദ്ധ്യായമായിരുന്നു. 1924 ആഗസ്ത് ഏഴിന് ബുല്‍ധാന ജില്ലയിലെ ഒരു സാധാരണ വീട്ടില്‍ നിന്ന് ആരംഭിച്ച ദിഡോല്‍ക്കറുടെ ജീവിതം സാമൂഹ്യപരിഷ്‌കരണത്തിനും വിദ്യാഭ്യാസത്തിനുമായി സമര്‍പ്പിച്ചതായിരുന്നു. കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരക നിര്‍മ്മാണത്തിന് ഏകനാഥ് റാനഡെയ്‌ക്കൊപ്പം പ്രധാന പങ്ക് വഹിച്ചതും ദിഡോള്‍ക്കറായിരുന്നു.
ആര്‍എസ്എസ് പ്രചാരകനായതിന് ശേഷം അദ്ദേഹം 1947ല്‍ കേരളം അടക്കമുള്ള മദ്രാസ് പ്രവിശ്യയിലാണ് സംഘടനാപ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നത്. 1948ല്‍ ആര്‍എസ്എസ് നിരോധനത്തിന് ശേഷം നാഗ്പൂരിലേക്ക് മടങ്ങിയ അദ്ദേഹം നിയമപഠനത്തിന് ചേരുകയും വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിക്കുകയുമായിരുന്നു.
ദിഡോള്‍ക്കറുടെ സംഭാവനകള്‍ അംഗീകരിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തെഴുതിയതിന് പിന്നാലെയാണ് ജന്മശതാബ്ദി ആഘോഷിക്കാനുള്ള യുജിസി നിര്‍ദേശം. ഒരുവര്‍ഷത്തെ ആഘോഷം ഈ വര്‍ഷം ആഗസ്ത് ഏഴിന് നാഗ്പൂരില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്തിരുന്നു.
Discussion about this post