ന്യൂഡൽഹി: നാവികസേന തലപ്പത്ത് സ്ത്രീ സാന്നിധ്യം. സേനയുടെ ചരിത്രത്തിലാദ്യമായാണ് നാവികേസനയുടെ കമാൻഡിംഗ് ഓഫീസറായി സ്ത്രീയെ നിയമിക്കുന്നതെന്ന് നാവികസന മേധാവി അഡ്മിറൽ ആർ ഹരി കുമാർ വ്യക്തമാക്കി. ലെഫ്റ്റനന്റ് കമാൻഡറായ യുവതി ഐഎൻഎസ് ട്രിങ്കാറ്റിന്റെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റിന്റെ കമാൻഡിംഗ് ഓഫീസറായാകും ചുമതലയേൽക്കുക. ഇന്ത്യൻ നാവികസേനയിൽ 1000-ത്തിലധികം വനിതാ അഗ്നിവീറുകളെ ഉൾപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ബാച്ചിലെ അഗ്നീവീരന്മാർ ഐഎൻഎസ് ചിൽക്കയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. 272 വനിതാ അഗ്നീവിർ ട്രെയിനികൾ ഉൾപ്പെടെയാണ് ഇവിടെ നിന്ന് ബിരുദം പാസായതെന്നും നാവികസേന മേധാവി പറഞ്ഞു. രണ്ടാമത്തെ ബാച്ചിൽ 454 സ്ത്രീകളും ഉൾപ്പെട്ടിരുന്നു. സേനയിൽ സ്ത്രീ പ്രാതിനിധ്യം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന വർഷത്തോടെ ആയിരത്തോളം വനിതാ അഗ്നിവീറുകളെ നാവികസേനയുടെ ഭാഗമാക്കും.
ഭാരതത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട വർഷമായിരുന്നു 2023. സാമ്പത്തിക, നയതന്ത്ര, കായിക രംഗങ്ങളിലും മറ്റ് വിവിധ മേഖലകളെ അടയാളപ്പെടുത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. നാവികസേനയ്‌ക്കും ശ്രദ്ധേയമായ വർഷമാണ് ഇത്. പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ കപ്പലുകളും അന്തർവാഹിനികളും വിമാനങ്ങളും ഉൾപ്പെടുത്താൻ സേനയ്‌ക്കായി. സൈനിക, നയതന്ത്ര,ദൗത്യങ്ങളും ചുമതലകളും ഏറ്റെടുത്ത് ലക്ഷ്യത്തിലെത്തിക്കാനും സേനയ്‌ക്ക് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇനിയും അത് തുടരും. ചലനാത്മകമായ മാറ്റമാണ് സംഭവിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വാശ്രയത്വവും സുസ്ഥിര വികസനവുമാണ് സേന ലക്ഷ്യം വെക്കുന്നത്. ഇന്ത്യയുടെ സ്വന്തം യുദ്ധവാഹിനികളും മറ്റ് പ്രതിരോധ സംവിധാനങ്ങളും സുസജ്ജമാണ്. ഇന്ത്യൻ മഹാസമുദ്രത്തിലും അതിനപ്പുറവും അവ പ്രതിരോധം തീർക്കുന്നു. 21 ദശലക്ഷം ചതുരശ്ര നോട്ടിക്കൽ മൈൽ വിസ്തൃതിയിലാണ് സേന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഓരോ പ്രവർത്തനങ്ങളിലും സ്ത്രീ പ്രാതിനിധ്യവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആവർത്തിച്ച് പറഞ്ഞു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്ത്, വിക്രമാദിത്യ എന്നിവ ഉൾപ്പെട്ട ഇരട്ട വാഹിനിക്കപ്പലുകളുടെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. നാവികസേന ദിനത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തെ അഭിസംബോധന ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post