ഗുവാഹത്തി: ചേരികളില്‍ നിന്നാണ് അവര്‍ വന്നത്. അഴുക്കുകൂനകള്‍ നീക്കുകയും ഓടകള്‍ വൃത്തിയാക്കുകയും ചെയ്യുന്നവരുടെ മക്കള്‍… അമൃതകാലം ഞങ്ങളുടേതുമാണെന്ന് വിളിച്ചുപറഞ്ഞ് അവര്‍ ഒരുമിച്ചുകൂടി… ഒരേ താളം, ഒരേ ചുവടുകള്‍… അവര്‍ ഒരുമിച്ച് പുരാണവും ചരിത്രവും ജീവിതവും നിറഞ്ഞ നടനരൂപമായ സത്രിയ നൃത്തമാടി. നാടന്‍ ശീലുകളുടെ ഭോര്‍ത്താല്‍ ചുവടുകളില്‍ ആയിരങ്ങളുടെ മനസ് കവര്‍ന്നു. ശ്രീമന്ത് ശങ്കര്‍ദേവിലുടെ വിഖ്യാതമായ ബോര്‍ഗീത് നാദധാര പൊഴിച്ചു. വന്ദേമാതരം പെയ്തിറങ്ങി…
ഡോ. ഭീംറാവു റാംജി അംബേദ്കറുടെ സ്മൃതിവാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഡോ. ഹെഡ്‌ഗേവാര്‍ സ്മാരക സമിതിയായിരുന്നു സംഘാടകര്‍. ഗുവാഹത്തിയിലെ ഖാനപ്പാറ വെറ്ററിനറി കോളജ് ഗ്രൗണ്ടില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞാണ് ‘സമത്വത്തിന്റെ താളമാണ് ജീവിതത്തിന്റെ സന്തോഷം’ എന്ന് ഉദ്‌ഘോഷിച്ച് സംഘടിപ്പിച്ച പരിപാടിയിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തിയത്. സ്ത്രീകളടക്കമുള്ള തൊഴിലാളികള്‍ പരിപാടിക്ക് ആവേശം പകര്‍ന്നു.
ഗുവാഹത്തിയിലെ 20 ചേരി പ്രദേശങ്ങളിലെ ശുചീകരണ തൊഴിലാളികളുടെ മക്കളെ വിഖ്യാത നര്‍ത്തകി അനന്യ താലൂക്ക്ദറാണ് നൃത്തച്ചുവടുകള്‍ പഠിപ്പിച്ചത്. ഡോ.ഹെഡ്‌ഗേവാര്‍ സ്മാരക സമിതി നടത്തുന്ന വാത്മീകി മ്യൂസിക് സ്‌കൂളാണ് ഈ കുട്ടികള്‍ക്ക് ഇതിനുള്ള അവസരം ഒരുക്കിയത്. ഭാരതത്തിന്റെ ഭരണഘടനാ ശില്പിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുക, പൗരന്മാരെ അവരുടെ കടമകളും ഉത്തരവാദിത്തങ്ങളും ഓര്‍മ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, ഉത്തര്‍ കമലബാരി സത്രയുടെ അധികാരി ജനാര്‍ദന്‍ ദേവഗോസ്വാമി, ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍, പ്രശസ്ത നര്‍ത്തകന്‍ ജതിന്‍ ഗോസ്വാമി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഭാരതീയ ജീവിതത്തെ സമൂഹത്തിന്റെ എല്ലാ ധാരകളിലേക്കും പടര്‍ത്തുന്നതില്‍ ശ്രീമന്ത് ശങ്കര്‍ദേവിനെപ്പോലുള്ള ആചാര്യന്മാര്‍ വലിയ പങ്കാണ് വഹിച്ചതെന്നും സമത്വത്തിന്റെ മഹോത്സവം ശരിയായ പാതയിലേക്കുള്ള സമഗ്രമായ ചുവടുവയ്പാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. ചരിത്രത്തെയും പുരാണത്തെയും കൂട്ടിയിണക്കുന്ന സത്രിയ നൃത്തച്ചുവടുകള്‍ നമ്മുടെ പാരമ്പര്യമാണ് വിളംബരം ചെയ്യുന്നത്. സത്രിയ സംസ്‌കാരം സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനാണ് ശങ്കര്‍ദേവിനെപ്പോലുള്ളവര്‍ ഊന്നല്‍ നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post