ന്യൂദല്‍ഹി: എബിവിപി 69-ാം ദേശീയ സമ്മേളനത്തിന് ദല്‍ഹിയില്‍ ഇന്ന് തുടക്കമാകും. ബുറാഡിയിലെ ഡിഡിഎ മൈതാനത്ത് പ്രത്യേകം തയാറാക്കിയ ഇന്ദ്രപ്രസ്ഥ നഗറാണ് സമ്മേളനത്തിന് വേദിയാവുന്നത്. കേരളത്തില്‍ നിന്നുള്ള നൂറ്റിഅമ്പത് പ്രതിനിധികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പതിനായിരത്തിലധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലെ ഉള്‍പ്പെടെയുള്ള സമകാലിക സാമൂഹിക പാരിസ്ഥിതിക വിദ്യാഭ്യാസ വിഷയങ്ങളില്‍ സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കും.
എബിവിപി സ്ഥാപകരിലൊരാളായ ദത്താജി ഡിഡോള്‍ക്കറുടെ പേരില്‍ സമ്മേളന നഗരിയില്‍ ഒരുക്കിയ പ്രദര്‍ശനം ഇന്ന് രാവിലെ 10.30ന് പ്രൊഫ. രാജ്കുമാര്‍ ഭാട്ടിയ, പ്രമുഖ ശില്പി നരേഷ് കുമാവത്ത് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. ഭാരതീയ സംസ്‌കൃതിയുടെ മൂല്യങ്ങള്‍ വിളിച്ചോതുന്ന പ്രദര്‍ശനം ഛത്രപതി ശിവാജി മഹാരാജ്, ഹൈന്ദവി സ്വരാജ്, ദല്‍ഹിയുടെ യഥാര്‍ത്ഥ ചരിത്രം, സ്വാതന്ത്ര്യ സമരചരിത്രം തുടങ്ങി എട്ട് വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് തയാറാക്കിയിരിക്കുന്നത്.
ഇന്ന് വൈകിട്ട് 4.30ന് എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. രാത്രി ഏഴിന് സംസ്ഥാനസമ്മേളനങ്ങള്‍ ചേരും. ഈ സമ്മേളനത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍വഹിക്കും.
എബിവിപി ദേശീയ അധ്യക്ഷന്‍ ഡോ. രാജ്ശരണ്‍ ഷാഹി, ദേശീയ ജനറല്‍ സെക്രട്ടറി യാജ്ഞവല്‍ക്യ ശുക്ല തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്‍പതിന് രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ് ആഗോള സാഹചര്യത്തില്‍ ഭാരതത്തിന്റെയും യുവാക്കളുടെയും പങ്ക് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
സമ്മേളനത്തോടനുബന്ധിച്ച് പതിനായിരം പേര്‍ അണിനിരക്കുന്ന ശോഭായാത്ര ഒന്‍പതിന് വൈകിട്ട് നാലിന് ഇന്ദ്രപ്രസ്ഥ നഗറില്‍ നിന്നാരംഭിച്ച് ദല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലെ മൗറീസ് ചൗക്കില്‍ സമാപിക്കും.
സമ്മേളനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി എബിവിപി ദേശീയ സെക്രട്ടറി ഹുഷിയാര്‍ സിങ് മീണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രതിനിധികള്‍ക്ക് താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും സമ്മേളനനഗരിയില്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ മീഡിയ കണ്‍വീനര്‍ അശുതോഷ് സിങ്, ദല്‍ഹി സംസ്ഥാന സെക്രട്ടറി ഹര്‍ഷ് അത്രി, ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സെക്രട്ടറി അപരാജിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post